പ്രകൃതിദത്തവും ആരോഗ്യവും

Simple Science Technology

കൊറോണ വൈറസിനെതിരെ പ്രതിരോധ ശേഷി ഉണ്ടാക്കാൻ വേണ്ടി, കണ്ണിൽ കണ്ട ഇലയും, വേരും ഒക്കെ കഴിക്കുന്നത് ചിലപ്പോൾ അപകടം ആകാം, എന്ത് കൊണ്ട്? 

✍️: സുരേഷ് സി പിള്ള 

'പ്രകൃതിദത്തം' എന്നു കേട്ടാൽ ആരോഗ്യത്തിനു യാതൊരു പ്രശ്നവും ഉണ്ടാകാത്തത് എന്നാണ് പൊതുവെയുള്ള ധാരണ.

"അതൊരു ചെടിയുടെ വേരല്ലേ, അല്ലെങ്കിൽ ഇലയല്ലേ കുഴപ്പം ഒന്നും കാണില്ല" എന്നും നമ്മളിൽ പലരും വിചാരിക്കുന്നുണ്ടാവും, ഇല്ലേ?

ഔഷധച്ചെടികൾ മുഖേനയുണ്ടാകുന്ന കരൾ രോഗങ്ങൾ ഒരു പക്ഷെ വിശദമായി നമ്മളുടെ നാട്ടിൽ പഠന വിധേയമാക്കിയിട്ടുണ്ടാവില്ല.

മദ്യപാനം കൊണ്ടുണ്ടാകുന്ന കരൾ രോഗത്തിനേക്കാൾ ഒരു പക്ഷെ ഭീകരം ആയിരിക്കും 'പ്രകൃതി ജന്യ ഔഷധങ്ങളുടെ' ഉപയോഗം കൊണ്ടുള്ള കരൾ അസുഖങ്ങൾ.അത്ര കണ്ട് സമൂഹത്തിൽ പ്രകൃതി ജന്യ ഔഷധങ്ങൾക്ക് പ്രചാരം കിട്ടിയിട്ടുണ്ട്.

ഔഷധ ച്ചെടികളിൽ നിന്നെടുക്കുന്ന സത്ത് (extract) പലതരം സങ്കീർണ്ണമായ ഓർഗാനിക് കെമിക്കലുകൾ അടങ്ങിയിട്ടുള്ളതാണ്. ഇവയിൽ പലതും toxic (വിഷമയം) ആയ കെമിക്കലുകൾ ആണ്.


 എന്താണ് toxicity (വിഷലിപ്തത)?

ലാറ്റിനിൽ ഒരു പ്രയോഗമുണ്ട് ''sola dosis facit venenum'' എന്നു വച്ചാൽ 'The dose makes the poison'. അതായത് 'മാത്ര അല്ലെങ്കിൽ അളവാണ്' ഒരു വസ്തുവിനെ വിഷമാക്കുന്നത്.

കുറച്ചുകൂടി വിശദമായി പറഞ്ഞാൽ എത്രമാത്രം അളവു കഴിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് ഒരു ദ്രവ്യത്തിന്റെ വിഷാംശം കണക്കാക്കുന്നത്. അതായത് പാമ്പിൻ വിഷവും, അതിന്റെ 'toxic' ആകാനുള്ള dose ൽ താഴെ ആണെങ്കിൽ അതു വിഷമല്ല എന്നർത്ഥം.

അതുപോലെ, വിഷമല്ല എന്നു നമ്മൾ വിചാരിക്കുന്ന പച്ചവെള്ളം അളവിൽ കൂടുതൽ കഴിച്ചാൽ അതും വിഷം ആകാം, ഇതിനെ water poison (Water intoxication അല്ലെങ്കിൽ hyperhydration) എന്നു പറയും. അതായത് Toxicity is the degree to which a material can damage an organism. ലളിതമായി പറഞ്ഞാൽ ഒരു വസ്തുവിന്റെ toxicity കുറവായാൽ നമുക്ക് അതിന്റെ കൂടുതൽ അളവ് കഴിക്കാം, മറിച്ച് toxicity കൂടുന്നത് അനുസരിച്ച് dose കുറയ്ക്കേണ്ടതായി വരും. 'അധികമായാൽ അമൃതും വിഷം' എന്നു ലളിതമായി പറയുന്ന പോലെ അല്ല കാര്യങ്ങൾ. അകത്തേക്കു കഴിക്കുന്ന എത്ര അധികമായാൽ ആണ് വിഷം എന്നു കൂടി അതിനെ ക്കുറിച്ച് ആധികാരികമായി അറിവുള്ളവരോട് ചോദിച്ച് മനസ്സിലാക്കണം. അതിനു ശേഷമേ കഴിക്കാവൂ. ഇതൊന്നുമറിയാതെയാണ് ശാസ്ത്രീയമല്ലാത്ത 'പ്രകൃതി ജീവനം' പ്രചരിപ്പിക്കുന്നവർ രാവിലെയും വൈകുന്നേരവും തൈരിൽ പത്തു കറിവേപ്പില അരച്ചു കഴിക്കൂ എന്ന രീതിയിൽ പറയുന്നത്.

കറിവേപ്പില തന്നെ ഉദാഹരണമായി എടുക്കാം. പ്രകൃതിജന്യമല്ലേ 'side effect' കൾ ഒന്നുമില്ലല്ലോ എന്നു കരുതി പിന്നെ കറിവേപ്പില (Murraya koenigii) പച്ചയ്ക്ക് കഴിക്കാൻ തുടങ്ങുകയായി. എന്നാൽ ബയോ മോളിക്യൂളുകളുമായി രാസ പ്രവർത്തനം നടത്താൻ ശേഷിയുള്ള മൂന്നു തരം carbazole alkaloids (mahanimbine, murrayanol, and mahanine) കൾ കറി വേപ്പിലയിൽ ഉണ്ട്.

കൂടുതൽ വായനയ്ക്ക് അമേരിക്കൻ കെമിക്കൽ സൊസൈറ്റി പ്രസിദ്ധീകരിച്ച ഈ ഗവേഷണ റിപ്പോർട്ട് നോക്കുക. Biologically Active Carbazole Alkaloids from Murraya koenigii (J. Agric. Food Chem. 1999, 47, 444−447)  

ഇനി ആൽക്കലോയിഡ് കൾ എന്താണെന്നു നോക്കാം. "Alkaloid are a class of naturally occurring organic nitrogen-containing bases. Alkaloids have diverse and important physiological effects on humans and other animals. Well-known alkaloids include morphine, strychnine, quinine, ephedrine, and nicotine. The function of alkaloids in plants is not yet understood. It has been suggested that they are simply waste products of plants’ metabolic processes". (Reference: Britannica).

കറി വേപ്പില ചെറിയ അളവിൽ ശരീരത്തിനു ഇവ ഗുണകരമാണ് എന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. എന്നിരുന്നാലും ഇത് 'ഡോസ്' കൂടിയാൽ ഇതു കൊണ്ട് കരളിനും കിഡ്നിക്കും ഉണ്ടാകുന്ന ദോഷങ്ങളെ ക്കുറിച്ച് ആരും കാര്യമായി പഠനങ്ങൾ നടത്തി പ്രസിദ്ധീകരിച്ചിട്ടില്ല.

കറിവേപ്പില ലളിതമായ ഒരു ഉദാഹരണമായി പറഞ്ഞെന്നെ ഉള്ളൂ. നമ്മൾ നിത്യ ജീവിതത്തിൽ ഉപയോഗിക്കുന്ന പല വസ്തുക്കളും പലതരം സങ്കീര്ണ്ണമായ 'ഓർഗാനിക് മോളിക്യൂൾ' കൾ കൊണ്ട് ഉണ്ടാക്കിയതാണ് (മസാല പൊടികൾ, മഞ്ഞൾ, കുടംപുളി എന്നു വേണ്ട അടുക്കളയുടെ ഷെൽഫിൽ നിറച്ചും സങ്കീര്ണ്ണമായ 'ഓർഗാനിക് മോളിക്യൂളുകൾ ആണ്). അതു പോലെയാണ് ആയുർവ്വേദ മരുന്നുകളിൽ ഉപയോഗിക്കുന്ന പല ഇലകളും വേരുകളും. ഇവയൊക്കെ അതിന്റെ 'dose' ൽ കൂടിയാൽ അത് ആരോഗ്യത്തിനു ഹാനികരമാണ്. ഇനി ഈ 'dose' എത്ര എന്നു ചോദിച്ചാൽ ആർക്കും കാര്യമായി അറിയില്ല. അതിനെ ക്കുറിച്ചു ശാസ്ത്രീയമായി ആരും പഠിച്ചിട്ടില്ല എന്നതു തന്നെ കാരണം. .

നമ്മളുടെ കരളിന്റെ ഒരു പ്രധാന ജോലി toxic ആയ വസ്തുക്കളെ അരിച്ചു (filter) കളയുക എന്നതാണ്. വളരെ കോംപ്ലക്സ് ആയ ഓർഗാനിക് മോളിക്യൂളുകളെ തുടർച്ചയായി വിഘടിപ്പിക്കുകയും, വേർതിരിക്കുകയും ചെയ്യുമ്പോൾ കാലക്രമേണ കരളിൻറെ പ്രവർത്തന ശേഷി കുറഞ്ഞു അതിന്റെ ജോലി ചെയ്യാനാവാതെ വരികയും ചെയ്യുമ്പോളാണ് കരൾ രോഗത്തിന് അടിമപ്പെടുന്നത്.  

ആധുനിക വൈദ്യ ശാസ്ത്രത്തിലെ മരുന്നുകളിൽ സൈഡ് എഫക്ടുകൾ ഇല്ല എന്നല്ല പറയുന്നത്.  പക്ഷെ സൈഡ് ഇഫക്ടുകളെ ക്കുറിച്ച് പഠനങ്ങൾ നടത്തിയിട്ടുണ്ട്. അവ നമുക്ക് അറിയാനുള്ള മാർഗ്ഗങ്ങൾ ഉണ്ട്. 

വളരെ വർഷത്തെ ഗവേഷണ ഫലമായി ഉണ്ടാക്കിയെടുത്തതും, ക്ലിനിക്കൽ ട്രയലുകൾ നടത്തിയതും, കൃത്യമായ ഡോസേജുകൾ (മാത്ര, അളവ്) ഒക്കെ നിശ്ചയിച്ചതുമായ ആധുനിക വൈദ്യ ശാസ്ത്രത്തിലെ മരുന്നുകൾ കഴിക്കാതെ, 'പ്രകൃതിജന്യം' എന്നു കണ്ട് നിശ്ചിത യോഗ്യതകാളില്ലാത്ത ‘പ്രകൃതി ചികിത്സകർ’ വിധിക്കുന്ന മരുന്നുകൾ വാങ്ങി ക്കഴിച്ച് കരളും, കിഡ്നിയും ഒക്കെ തകരാറിൽ ആയതിനുശേഷം മാത്രമാകും പലരും അറിയുന്നതു തന്നെ.