കെമിക്കൽസും ജൈവപദാർത്ഥങ്ങളും

Simple Science Technology

പ്രകൃതിദത്ത ജൈവ - ദൈവങ്ങളും ചെകുത്താൻമാരായ പാവം കെമിക്കൽസും ഒരു തിരിച്ചറിവ്

ഓരോരോ 'ജൈവ'തട്ടിപ്പുകൾ 

ജൈവം, പ്രകൃതിദത്തം എന്നൊക്കെ പറഞ്ഞാൽ 'സുരക്ഷിതം' എന്നാണെന്ന മിഥ്യാധാരണ സമൂഹത്തിൽ വേരുറപ്പിച്ച് കഴിഞ്ഞിരിക്കുന്നു. അതിനു ബലം നൽകാൻ സർക്കാരും മുന്നോട്ടിറങ്ങുമ്പോൾ, കൊട്ടിഘോഷിക്കപ്പെടുന്ന 'ജൈവ'ത്തെക്കുറിച്ച് ചില കാര്യങ്ങൾ പറഞ്ഞു കൊള്ളട്ടെ.

ജൈവം അല്ലെങ്കിൽ ജീവനുള്ളത് എന്നു പറഞ്ഞാൽ രാസവസ്തുക്കളുടെ സങ്കീർണമായ കൂടിച്ചേരലാണ്. അതായത് പ്രകൃതിദത്തമായ എല്ലാം തന്നെ 'കെമിക്കൽസ്' കൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നത്. ജീവന്റെ അടിസ്ഥാനമായ ഡി.എൻ.എ യുടെ പൂർണരൂപം ഡിയോക്സിറൈബോ ന്യൂക്ളിയിക് ആസിഡ് എന്നാണ്. ഡി.എൻ.എ എന്നത് നൈട്രജൻ അടങ്ങിയ ന്യൂക്ലിയോബേസ്, ഡിയോക്സിറൈബോസ് ഷുഗർ, ഫോസ്‌ഫേറ്റ് എന്നീ രാസസംയുക്തൾ ചേർന്നുണ്ടാകുന്ന 'ന്യൂക്ലിയോറ്റൈഡു'കളുടെ പോളിമർ ആണ്. കോശങ്ങളുടെ പ്രധാന നിർമാണ വസ്തു പ്രോട്ടീനുകളാണ്. അവ പലതരം അമിനോ ആസിഡുകൾ കൂടിച്ചേർന്നാണ് രൂപപ്പെടുന്നത്. ഊർജത്തിനും കോശങ്ങളുടെ മറ്റു പല പ്രവർത്തങ്ങൾക്കും ആവശ്യമായ കാർബോഹൈഡ്രേറ്റുകളും ജൈവ വസ്തുക്കളെ രൂപപ്പെടുത്തുന്ന പ്രധാനപ്പെട്ട രാസസംയുക്തമാണ്. ഇതുപോലെ ഒട്ടനവധി കെമിക്കൽസ് കൂടി ചേർന്നതാണ്‌ ജീവികളുടെ ശരീരം.

'പുറത്തു നിന്ന് ആഹാരം കഴിക്കണ്ട, കെമിക്കൽസ് ചേർത്തിട്ടുണ്ടാവും', 'വെറുതെ അലോപ്പതി കഴിച്ചു കെമിക്കൽസ് മുഴുവൻ അകത്താക്കണോ?', 'ക്യാൻസർ ഉണ്ടാക്കുന്നത് കെമിക്കലുകൾ ആണ്'. ഇങ്ങനെ രാസവസ്തുക്കളെപ്പറ്റിയുള്ള ഭയപ്പെടുത്തുന്ന പ്രസ്താവനകൾ കേൾക്കാത്ത മലയാളികൾ വിരളമായിരിക്കും. കെമിക്കലുകളോടുള്ള ഈ ഭയത്തെ 'കീമോഫോബിയ' എന്നാണ് പറയുന്നത്. പക്ഷേ നിരുപദ്രവകാരികളായ പല രാസവസ്തുക്കളെയും വിഷമെന്ന് മുദ്രകുത്തി, പ്രകൃതി ജീവനവും പ്രകൃതി ചികിത്സയുമായി മുതലെടുപ്പ് നടത്തുന്ന കപട വൈദ്യന്മാർ സമൂഹത്തിൽ പെരുകുകയാണ്. പ്രകൃതിയിൽ ഉണ്ടാകുന്നതെല്ലാം സുരക്ഷിതവും മനുഷ്യനിർമിതമായതെല്ലാം (രാസവസ്തുക്കൾ) വിഷവുമാണെന്നാണ് അവർ ഉത്‌ഘോഷിച്ചു നടക്കുന്നത്.

പ്രകൃതിയിലുള്ളതെല്ലാം സുരക്ഷിതമാണോ? മനുഷ്യനുൾപ്പെടെയുള്ള ജീവികൾക്ക് ഭീഷണിയായ പദാർത്ഥങ്ങൾ സ്വാഭാവികമായി പ്രകൃതിയിൽ കാണുന്നുണ്ട്. ഇവയെ പ്രകൃതിദത്തമായ വിഷവസ്തുക്കൽ(Natural toxins) എന്നാണ് വിളിക്കുക. മനുഷ്യരിൽ വയറുവേദന മുതൽ മരണം വരെ വരുത്തി വയ്ക്കാൻ ഇവയ്ക്ക് കഴിയും. കയിപ്പുള്ള കപ്പ(മരച്ചീനി)യിൽ കണ്ടുവരുന്ന ഹൈഡ്രജൻ സയനൈഡ് എന്ന രാസവസ്തു നല്ല ഒന്നാന്തരം വിഷമാണ്. ഒരു കിലോഗ്രാമിന് ഒരു ഗ്രാം എന്ന രീതിയിൽ കയിപ്പുള്ള, പാകം ചെയ്യാത്ത കപ്പയിൽ ഈ രാസവസ്തു അടങ്ങിയിട്ടുണ്ട്. ആപ്പിൾ, ആപ്രിക്കോട്ട്, ചെറി തുടങ്ങിയ ഫലവർഗങ്ങളിലും ചെറിയ തോതിൽ ഹൈഡ്രജൻ സയനൈഡും രാസപ്രവർത്തനത്തിലൂടെ ഹൈഡ്രജൻ സയനൈഡ് ആയി മാറാൻ കഴിവുള്ള മറ്റു രാസവസ്തുക്കളും (മാൻഡെലോനൈട്രൈൽ, അമിഗ്ഡാലിൻ) കണ്ടുവരുന്നു. ഉരുളക്കിഴങ്ങിന്റെ പുറംതൊലിയിലും മുളച്ച ഭാഗങ്ങളിലും അടങ്ങിയ ഗ്ലൈക്കോ ആൽക്കലോയ്‌ഡ്‌സ് ശരീരത്തെ പ്രതികൂലമായി ബാധിക്കും. അതുകൊണ്ട് മുളച്ച ഭാഗം മാറ്റി തൊലികളഞ്ഞിട്ടേ ഉരുളക്കിഴങ്ങ് ഭക്ഷണത്തിനായി ഉപയോഗിക്കാവൂ. ബീൻസിൽ കാണുന്ന വിഷപദാർത്ഥമാണ് ലെക്ടിനുകൾ. വെള്ളത്തിൽ കുതിർത്തുവച്ചാൽ കഴുകിക്കളയാവുന്ന ഇവയ്ക്ക് അന്നനാളത്തെ ബാധിക്കുന്ന അസുഖങ്ങൾ ഉണ്ടാക്കാൻ ശേഷിയുണ്ട്. ഇവയ്ക്ക് പുറമേ ഓക്സാലിക് ആസിഡ്, ഫ്യൂറോകൗമാറിൻസ്, കുർക്കുബിറ്റാസിൻസ് എന്നീ രാസവസ്തുക്കൾ ഭക്ഷണ പദാർത്ഥങ്ങളിൽ കാണുന്ന വിഷവസ്തുക്കളാണ്.

സയനൈഡ് വിഷബാധയ്ക്ക് കാരണമാകുന്ന ഹൈഡ്രജൻ സയനൈഡ് ഉണ്ടാക്കാൻ കഴിവുള്ള അമിഗ്ഡാലിൻ എന്ന രാസവസ്തു വിറ്റാമിൻ ബി17 എന്നും അറിയപ്പെടുന്നു. എന്നാൽ നമുക്കാവശ്യമായ ബി കോംപ്ലക്സ് വിറ്റാമിനുകളുമായി ഈ വ്യാജ വിറ്റാമിന് യാതൊരു ബന്ധവുമില്ല. ഇതിന്റെ അഭാവമാണ് ക്യാൻസർ എന്നും അമിഗ്ഡാലിനും അതിന്റെ മറ്റൊരു രൂപമായ ലേട്രെയിലും അടങ്ങിയ ആഹാരം കഴിച്ചാൽ അർബുദം ഒഴിവാക്കാം എന്നും പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ഒരു വ്യാപക ശ്രമം ഇപ്പോൾ കണ്ടു വരുന്നുണ്ട്. അമിഗ്ഡാലിനെ 1980ൽ തന്നെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ(FDA) ഓഫ് അമേരിക്ക നിരോധിച്ചതാണ്. അതിന്റെ ക്യാൻസറിനെ മാറ്റാനുള്ള കഴിവ് ഇപ്പോഴും വ്യക്തമല്ല. പക്ഷേ ആരോഗ്യവാനായ ഒരു വ്യക്തിയിൽ സയനൈഡ് വിഷബാധയുണ്ടാക്കാൻ ഇവയ്ക്ക് കഴിയും എന്നത് നിസംശയം പറയാം.

ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും ബാധിക്കാൻ കഴിവുള്ള കോശങ്ങളുടെ അസാധാരണ വളർച്ച കാണിക്കുന്ന പാലരോഗവസ്ഥകളുടെയും കൂട്ടമാണ് ക്യാൻസർ. പുകയില, രാസവസ്തുക്കൾ, ഭക്ഷണക്രമവും അമിതഭാരവും എന്നിവയ്ക്ക് പുറമേ വൈറസുകൾ, റേഡിയേഷൻ എന്നിവയും ക്യാൻസറിന് കാരണമാകുന്നു. 10% വരെ അർബുദം ഒരു പരമ്പര്യരോഗവുമാണ്. എന്നാൽ ഇന്ന്, ജീവിതശൈലിയും രാസവസ്തുക്കൾ അടങ്ങിയ തെറ്റായ ഭക്ഷണക്രമവും മാത്രമാണ് ക്യാൻസറുണ്ടാക്കുന്നതെന്നു സ്ഥാപിക്കാൻ വ്യാജ ഡോക്ടർമാർ മെനക്കെട്ടിറങ്ങിയിരിക്കുന്നു. കുറഞ്ഞ ചിലവിൽ മരുന്നും അവരുടെ കയ്യിലുണ്ട്. മുള്ളാത്തയിലും ലക്ഷ്മി തരുവിലും വിശ്വസിച്ച് ഫലപ്രദമായ ആധുനിക ചികിത്സ ലഭിക്കാതെ ക്യാൻസർ ബാധിച്ചു മരിക്കുന്നവരുടെ എണ്ണം വർധിച്ചു വരുന്നു. ക്യാൻസർ മരുന്നുകളുടെ ഉയർന്ന വിലയും അതിനൊരു വലിയ കാരണമാണ്. റേഡിയേഷൻ, സർജറി, കീമോതെറാപ്പി, ടാർഗെറ്റഡ് തെറാപ്പി എന്നിവ ചേർന്നതാണ് ക്യാൻസർ ചികിത്സ. അത്രക്ക് സങ്കീർണമാണ് ആ രോഗാവസ്ഥ. അത്ഭുതമരുന്നുകളൊന്നും തന്നെ ഇതേവരെ ക്യാൻസറിനെ ഫലപ്രദമായി ഒറ്റക്ക് പ്രതിരോധിച്ചിട്ടില്ല.

ക്യാൻസറിനെപ്പറ്റി വ്യക്തമായി ബോധവൽക്കരണം നടത്തുകയും അസുഖം ബാധിച്ചവർ വ്യാജ'പ്രകൃതി' ചികിത്സകരേത്തടി പോകുന്ന അവസ്ഥ ഉണ്ടാകാതിരിക്കാനുമുള്ള നടപടികൾ ആരോഗ്യവകുപ്പ് നടത്തണം. ക്യാൻസറിനെ നിയന്ത്രിക്കാനുതകുന്ന വലിയ ആരോഗ്യ പദ്ധതികൾ നടപ്പിലാക്കണം.

ഭക്ഷണത്തിനായി വളർത്തുന്ന സസ്യങ്ങൾക്ക് നൽകുന്ന രാസവളങ്ങളിലും കീടനാശിനികളിലും ക്യാൻസറിന് കാരണമാകുന്ന രാസവസ്തുക്കൾ ഉണ്ടാകാൻ പാടില്ല എന്നുണ്ട്. എന്നാലും വിശ്വസിച്ച് എങ്ങനെ നമ്മൾ ആഹാരം കഴിക്കും എന്ന ചോദ്യം ഉയരുന്നു. ഭക്ഷണ പദാർത്ഥങ്ങളെ കൂടുതൽ കാലം 'ഫ്രഷ്' ആയി നിലനിർത്താൻ ഉപയോഗിക്കുന്ന രാസപദാർത്ഥങ്ങളും സംശയത്തിന്റെ നിഴലിലാണ്. ഇതിനൊക്കെ പ്രതിവിധിയായി ആണ് ജൈവ പച്ചക്കറി വ്യാപകമാകുന്നത്. എന്നാൽ ജൈവ പച്ചക്കറി മാത്രം ഉപയോഗിച്ചത്കൊണ്ട് ക്യാൻസർ നിയന്ത്രണ വിധേയമാക്കാൻ പറ്റില്ല എന്ന് മാത്രമല്ല ജൈവകൃഷി ഭക്ഷ്യ സുരക്ഷയെ സാരമായി ബാധിക്കുകയും ചെയ്യും. വ്യാപകമായി ദീർഘകാലത്തേക്ക് ചാണകവും ചാരവും കമ്പോസ്റ്റും ഉപയോഗിച്ചുള്ള കൃഷി അസാധ്യമാണ്. വിളവ് കുറയും. മണ്ണിൽ നിന്ന് ചോർന്നുപോകുന്ന മൂലകങ്ങളെ തിരിച്ചു ചേർക്കാതെ വീണ്ടും ഫലവത്തായ കൃഷി നടക്കില്ല.

ജൈവ വ്യവസ്ഥക്ക് എതിരാണ് കൃഷി എന്ന സംവിധാനം. അതുകൊണ്ട് തന്നെ ജൈവകൃഷി എന്ന പദം ഒരു 'ഓക്സിമോറോൺ' ആണ്. (oxymoron എന്നാൽ വിപരീതർത്ഥത്തിൽ ഉള്ള രണ്ടു വാക്കുകൾ ഒരുമിച്ച് എഴുതുന്നതാണ്. ഉദാ: വ്യക്തമായി തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു, സ്വാഭാവികമായി അഭിനയിക്കുക, മരിച്ചു ജീവിക്കുക). സ്വാഭാവികതയെ നശിപ്പിച്ചു കൊണ്ട് ഒരേ തരത്തിലുള്ള സസ്യം വ്യാപകമായി വളർത്തുന്ന ഈ പ്രകൃതി നിന്ദ സംസ്കാരങ്ങൾ തുടങ്ങുന്ന കാലം മുതലേ നാം ചെയ്തു വരുന്നു. നിലനിൽപ്പിന് അത്യന്താപേക്ഷിതമായത് കൊണ്ട് മാത്രം അതിനെ ന്യായീകരിച്ചും പോരുന്നു. അതുകൊണ്ട് കൃഷിയെ 'ജൈവം' എന്ന് വിശേഷിപ്പിക്കുന്നതിനോട് ഒട്ടും തന്നെ യോജിപ്പില്ല.

ജൈവം എന്ന് കേൾക്കുമ്പോൾ തന്നെ നല്ലതും അപകടമില്ലാത്തതും ആണെന്ന ചിന്ത ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാം. മരണകാരണമായേക്കാവുന്ന രോഗങ്ങൾക്ക് ഒറ്റമൂലി ചികിത്സയും, രോഗാണു സിദ്ധാന്തത്തെപ്പോലും അംഗീകരിക്കാത്ത കപട വൈദ്യന്മാരുടെ ഫലം കിട്ടാത്ത വ്യാജമരുന്നുകളും ഉണ്ടാക്കിയേക്കാവുന്ന അപകടങ്ങൾ ഒഴിവാക്കിയേ തീരൂ. പരമ്പരാഗത വൈദ്യത്തെ ഒരു റെഫറൻസ് ആയി മാത്രം കണ്ടുകൊണ്ട്, പ്രകൃതിയിൽ നിന്ന് ലഭിക്കുന്ന ഔഷധങ്ങളിൽ നിന്ന് ആധുനിക മരുന്നുകൾ നിർമിക്കാൻ സാധിക്കുമോ എന്ന് ശാസ്ത്രീയമായി പരിശോധിക്കണം. ആൾട്ടർനേറ്റീവ് മെഡിസിൻ എന്ന പേരിൽ നടന്നു വരുന്ന എല്ലാ തട്ടിപ്പുകൾക്കും കൂച്ചുവിലങ്ങിടണം