ജോനാസ് സാൾക്കും - പോളിയോ വാക്സിനും

Simple Science Technology

മനുഷ്യവംശത്തെ സർവനാശത്തിൽനിന്നും രക്ഷിച്ച അമേരിക്കൻ മൈക്രോബയോളജിസ്റ്റാണ് ജോനാസ് സാൾക്ക് - പോളിയോ വാക്സിന്റെ കണ്ടുപിടിത്തം

⭕''പോളിയോ എങ്ങനെ ഉന്മൂലനം ചെയ്യണമെന്ന് അദ്ദേഹം ലോകത്തിന് കാണിച്ചു തന്നു. നിങ്ങൾ വിചാരിക്കും അദ്ദേഹം തട്ടിപ്പു നടത്തുകയാണെന്ന്''- ബേസിൽ ഒ'കോണർ.

ലോകം മുഴുവനുണ്ടായിരുന്ന പോളിയോ രോഗത്തിനെതിരെ വാക്സിൻ കണ്ടുപിടിച്ച് മനുഷ്യവംശത്തെ സർവനാശത്തിൽനിന്നും രക്ഷിച്ച അമേരിക്കൻ മൈക്രോബയോളജിസ്റ്റാണ് ജോനാസ് സാൾക്ക്. പിള്ള വാതം അഥവാ പോളിയോ വൈദ്യശാസ്ത്രത്തിന്റെ ഭാഷയിൽ പോളിയോ മൈലൈറ്റിസ്. പ്രധാനമായും കുട്ടികളെ ബാധിക്കുന്ന മാരകരോഗം ചേരികളിലും കൊട്ടാരങ്ങളിലും ഒരുപോലെ പിടികൂടിയിരുന്നു. ജോൺ എൻഡേഴ്സ്, തോമസ് വെല്ലേഴ്സ്, ഫെഡറിക്ക് റോബിൻസ്, ആൽബർട്ട് സാബിൻ എന്നിവരും ഈ ശാസ്ത്രകഥയിൽ താരങ്ങളായെങ്കിലും നായക പദവി ലഭിച്ചത് ജോനാസ് സാൽക്ക്-നാണ്. ന്യൂയോർക്കിൽ ജനനം.1939-ൽ എം.ഡി. നേടിയ സാൾക്ക് 1942-ൽ മിച്ചിഗൺ സർവകലാശാലയിൽ ഇൻഫ്ളുവൻസ പ്രതിരോധ വാക്സിൻ നിർമ്മാണ പദ്ധതിയിൽ ചേർന്നു. തോമസ് ഫ്രാൻസിസ് എന്ന വിഖ്യാത മൈക്രോബയോളജിസ്റ്റായിരുന്നു അതിന്റെ തലവൻ.

⭕1949-ൽ പിറ്റ്സ് സർവകലാശാലയിൽ ബാക്ടീരിയോളജി വിഭാഗം പ്രൊഫസറായി. അവിടെവച്ച് അദ്ദേഹം തയ്യാറാക്കിയ വൈറസുകളെക്കുറിച്ചുള്ള പ്രബന്ധങ്ങൾ 'നാഷ്ണൽ ഫൗണ്ടേഷൻ ഫോർ ഇൻഫന്റൈൽ പരാലിസിസ് മേധാവി ബേസിൽ ഒ'കോണർ-ന്റെ ശ്രദ്ധയിൽപ്പെട്ടതാണ് വഴിത്തിരിവായത്. പോളിയോ വാക്സിൻ ഗവേഷണത്തിന് അവർ ധനസഹായം നൽകാൻ തയ്യാറായി. 1946-മുതൽ ഫ്രാങ്ക്ലിൻ എൻഡേഴ്സ് എന്ന ശാസ്ത്രജ്ഞൻ ബോസ്റ്റൺ ചിൽഡ്രൻസ് ഹോസ്പിറ്റലിൽ പകർച്ചവ്യാധികളുടെ പരീക്ഷണശാല സ്ഥാപിച്ച് പ്രവർത്തിക്കുകയായിരുന്നു. 'വൈറസ് ഗവേഷണത്തിൽ പുതിയ ചരിത്രഘട്ടം കുറിച്ച സംഭവം' എന്നാണ് ആ ഗവേഷണം പിൽക്കാലത്ത് വിശേഷിപ്പിക്കപ്പെട്ടത്.1949 ൽ ഫ്രാങ്ക്ലിൻ എൻഡേഴ്സ് സഹപ്രവർത്തകരായ തോമസ് വെല്ലർ, ഫ്രെഡറിക് റോബിൻസ് എന്നിവരുടെ സഹായത്തോടെ ആദ്യമായി ടെസ്റ്റ്യൂബിലെ മനുഷ്യകോശങ്ങളിൽ പോളിയോ വൈറസ് വളർത്തിയെടുത്തു. 1954-ൽ മൂവർക്കും ഈ കണ്ടെത്തലിന് നോബൽ സമ്മാനം ലഭിച്ചു. ഈ സങ്കേതമാണ് 1952-ൽ ജോനാസ് സാൾക്കിനെ പോളിയോ വൈറസുകൾ പരീക്ഷണശാലയിൽ വളർത്തിയെടുക്കാൻ സഹായിച്ചത്. അവർ മൂവരും ഉണ്ടായിരുന്നില്ലെങ്കിൽ സാൾക്കിന്റെ വാക്സിൻ അസാധ്യമാകുമായിരുന്നു.

⭕സ്വന്തം ശരീരത്തിൽ പരീക്ഷിച്ചാണ് അത് അപകടരഹിതമാണെന്ന് സാൾക്ക് ഉറപ്പു വരുത്തിയത്. 1953-ൽ തന്റെ കണ്ടുപിടുത്തവിവരം പ്രബന്ധമായി പ്രസിദ്ധീകരിച്ചു. 1955 ഏപ്രിൽ 12-ന് പോളിയോ വാക്സിൻ സുരക്ഷിതമാണെന്ന് ഔദ്യോഗികമായി അംഗീകരിച്ചു. തുടർന്ന് ലക്ഷക്കണക്കിന് കുട്ടികൾക്ക് വാക്സിൻ കുത്തിവച്ചു. ലോകമെമ്പാടും ഇത് വ്യാപിച്ചു.പോളിയോയ്ക്കെതിരായ യുദ്ധത്തിൽ അങ്ങനെ മനുഷ്യൻ ജയം നേടി. വാക്സിൻ കണ്ടുപിടിച്ചതു പ്രഖ്യാപിച്ച പത്രസമ്മേളനത്തിലും റേഡിയോ പ്രഭാഷണത്തിലും സാൾക്ക് തന്റെ വിജയത്തിന് കാരണക്കാരായ ആർക്കും നന്ദി പറഞ്ഞില്ല. എന്നാൽ അതിന്റെ നേട്ടവും അദ്ദേഹം അവകാശപ്പെട്ടില്ല.1963-ൽ കാലിഫോർണിയയിലെ സാൻഡിയാഗോയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കൽ സ്റ്റഡീസിന്റെ മേധാവിയായി. ഇന്നത് 'സാൾക്ക് ഇൻസ്റ്റിറ്റ്യൂട്ട്' എന്നറിയപ്പെടുന്നു. ലോകത്തിലെ ഏറ്റവും മികച്ച ഗവേഷണ സ്ഥാപനമായി അതിനെ മാറ്റിയെടുത്തത് സാൾക്ക് ആണ്. ജീവിതാന്ത്യത്തിൽ എയ്ഡ്സ് വാക്സിൻ കണ്ടുപിടിക്കാനുള്ള യത്നത്തിലായിരുന്നു.

⭕1975-ൽ ഇന്ത്യ 'ജവഹർലാൽ നെഹ്റു അവാർഡ്' നൽകി.

ജോനാസ് സാൾക്കിനെ അടിമുടി എതിർത്ത ശാസ്ത്രജ്ഞനായിരുന്നു പോളീഷ്-അമേരിക്കൻ മൈക്രോബയോളജിസ്റ്റ് ആൽബർട്ട് സാബിൻ (1906-1993). സാൾക്ക് ഒരു 'അടുക്കള രസതന്ത്രജ്ഞൻ' മാത്രമാണെന്നും ഒരിക്കലും സ്വന്തം ആശയങ്ങൾ പ്രകടിപ്പിച്ചിട്ടില്ലാത്ത അദ്ദേഹത്തിന്റെ നിർജീവ പോളിയോ വാക്സിൻ കൊള്ളില്ലെന്നുമായിരുന്നു സാബിന്റെ പ്രഖ്യാപനം.1956-ൽ അദ്ദേഹം കുത്തിവയ്പിനു പകരം കുടിക്കാവുന്ന വാക്സിൻ കണ്ടുപിടിച്ചു. സാൾക്കിന്റെ വിജയത്തിൽ സാബിൻ അവഗണിക്കപ്പെട്ടെങ്കിലും 1962-ൽ ബ്രിട്ടൻ സാബിന്റെ മരുന്ന് സ്വീകരിച്ചു. തുടർന്ന് മറ്റു രാജ്യങ്ങളും. ഇന്ന് പോളിയോ തുള്ളിമരുന്നായി ലോകം മുഴുവൻ ഉപയോഗിക്കുന്നത് ആൽബർട്ട് സാബിന്റെ കണ്ടുപിടുത്തമാണ്