സരസ്വതി സൂപ്പര്‍ ക്ളസ്റ്റര്‍

Simple Science Technology

ഇന്ത്യൻ ജ്യോതിശാസ്ത്രജ്ഞർ കണ്ടെത്തിയ പുതിയ ഗ്യാലക്സി ക്ലസ്റ്റർ 

✍️ Sabu Jose

⭕2017 ഏപ്രിൽ മാസത്തിൽ ഇന്ത്യൻ ജ്യോതിശാസ്ത്രജ്ഞർ കണ്ടെത്തിയ ഗ്യാലക്സി ക്ലസ്റ്ററാണ് സരസ്വതി. മീനം നക്ഷത്ര രാശിയുടെ ദിശയില്‍ ഭൂമിയില്‍ നിന്ന് 400 കോടി പ്രകാശവര്‍ഷം അകലെയാണ് ഈ സൂപ്പര്‍ മെഗാ ക്ളസ്റ്റര്‍. പ്രപഞ്ചത്തിലെ തന്നെ വലിയ നിർമിതികളിലൊന്നാണ് സരസ്വതി.പൂനെയിലെ ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ അസ്ട്രോണമി ആന്‍ഡ് അസ്ട്രോഫിസിക്സിലെയും (IUCAA), പൂനെയിലെതന്നെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചിലെയും (IISER) ജ്യോതിശാസ്ത്രജ്ഞരുടെ സംഘമാണ് ഈ നക്ഷത്ര സമൂഹത്തെ കണ്ടുപിടിച്ചത്.

⭕ഗ്യാലക്സികളും വാതകപടലങ്ങളും ശ്യാമദ്രവ്യവും എല്ലാം ചേര്‍ന്ന ക്ളസ്റ്ററുകളായാണ് നക്ഷത്രസമൂഹങ്ങള്‍ കാണപ്പെടുന്നത്. ഇത്തരം ലോക്കല്‍ ക്ളാസ്റ്ററുകളും അവ കൂടിച്ചേര്‍ന്ന ഗ്രൂപ്പുകളും ഗ്രൂപ്പുകള്‍ കൂടിച്ചേര്‍ന്ന ഫിലമെന്റുകളും, ഷീറ്റുകളും, ശൂന്യസ്ഥലങ്ങളും ചേര്‍ന്ന് ചിലന്തിവലപോലെ വ്യാപിച്ചുകിടക്കുന്ന കോസ്മിക് വെബിനെ ലാര്‍ജ്-സ്കെയില്‍ നിര്‍മിതികള്‍ എന്നാണ് പറയുന്നത്. ഇത്തരമൊരു ലാര്‍ജ് സ്കെയില്‍ സ്ട്രക്ചറാണ് ഇന്ത്യന്‍ ജ്യോതിശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്. 200 കോടിക്കോടി സൂര്യന്മാരുടെ പിണ്ഡമുള്ള ഈ സൂപ്പര്‍ ക്ളസ്റ്ററിന് സരസ്വതി (Saraswati) എന്നാണ് പേരിട്ടിരിക്കുന്നത്. 60 കോടി പ്രകാശ വര്‍ഷമാണ് സരസ്വതി സൂപ്പര്‍ ക്ളസ്റ്ററിന്റെ വിസ്തൃതി. പ്രപഞ്ചോല്‍പ്പത്തിക്കുശേഷം 1000 കോടി വര്‍ഷം കഴിഞ്ഞാണ് ഈ നിര്‍മിതി രൂപപ്പെട്ടത്. ഇപ്പോള്‍ ശാസ്ത്രജ്ഞര്‍ക്ക് ലഭിച്ച ദൃശ്യം 400 കോടി വര്‍ഷങ്ങള്‍ക്കു മുമ്പുള്ളതാണ്. സരസ്വതി സൂപ്പര്‍ ക്ളസ്റ്റര്‍ 400 കോടി പ്രകാശവര്‍ഷം ദൂരെയാണെന്നു പറഞ്ഞാല്‍ അവിടെനിന്നുള്ള പ്രകാശം ഭൂമിയിലെത്താന്‍ 400 കോടി വര്‍ഷമെടുത്തു എന്നാണ്. പ്രപഞ്ചത്തില്‍ അകലങ്ങളിലേക്കു നോക്കുമ്പോള്‍ കാണുന്നത് ഭൂതകാലമാണ്. ഈ സൂപ്പര്‍ ക്ളസ്റ്ററിന്റെ ഇന്നത്തെ അവസ്ഥ അറിയണമെങ്കില്‍ ഇനിയും 400 കോടി വര്‍ഷം കഴിയണം. പ്രപഞ്ചത്തിന്റെ വലിയ ദൂരങ്ങളില്‍ നമ്മുടെ ദൈനംദിന ജീവിതത്തിലെ കാലഗണനയ്ക്ക് പ്രസക്തിയൊന്നുമില്ല. എന്നാല്‍ ഈ കണ്ടുപിടിത്തം ചില ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുമുണ്ട്. 400 കോടി വര്‍ഷം മുമ്പ് ഇത്തരം വലിയ നിര്‍മിതികള്‍ രൂപപ്പെടാനുള്ള സാധ്യത വിരളമാണ്.

⭕പ്രപഞ്ചപരിണാമം വിവരിക്കുന്നതില്‍ ഏറ്റവും സ്വീകാര്യമായ മാതൃക കോള്‍ഡ് ഡാര്‍ക്ക് മാറ്റര്‍ മോഡലാണ്. പ്രപഞ്ചോല്‍പ്പത്തിയെത്തുടര്‍ന്ന് ആദ്യം ഗ്യാലക്സികള്‍ പോലെയുള്ള ചെറിയ നിര്‍മിതികളാകും രൂപം കൊള്ളുക. പിന്നീട് ഇവ കൂടിച്ചേര്‍ന്ന് ലോക്കല്‍ ക്ളസ്റ്ററുകളും ഷീറ്റുകളുമെല്ലാം രൂപപ്പെടും. പിന്നീടാണ് സൂപ്പര്‍ ക്ളസ്റ്ററുകളും ഫിലമെന്റുകളും മെഗാ ക്ളസ്റ്ററുകളുമെല്ലാം ഉണ്ടാകുന്നത്. പ്രപഞ്ചത്തിന്റെ ഇപ്പോഴത്തെ പ്രായം പരിഗണിച്ചാല്‍ 400 കോടി വര്‍ഷം മുമ്പ്, അതായത് പ്രപഞ്ചോല്‍പ്പത്തിക്കുശേഷം 1000 കോടി വര്‍ഷങ്ങള്‍ക്കുള്ളില്‍ സരസ്വതി പോലെയുള്ള വലിയ സൂപ്പര്‍ ക്ളസ്റ്ററുകള്‍ രൂപപ്പെടാനുള്ള സാധ്യത അപൂര്‍വമാണ്. പുതിയ കണ്ടുപിടിത്തം കോള്‍ഡ് ഡാര്‍ക്ക് മാറ്റര്‍ മോഡലില്‍ ചില ഭേദഗതികള്‍ വരുത്താന്‍ ജ്യോതിശാസ്ത്രജ്ഞരെ നിര്‍ബന്ധിതരാക്കും. ഗ്യാലക്സികളുടെ പരിണാമവും സൂപ്പര്‍ ക്ളസ്റ്ററുകള്‍ രൂപീകരിക്കാനായി കോസ്മിക് വെബ്ബിലൂടെയുള്ള സഞ്ചാരവും പുതിയൊരു ഗവേഷണമേഖലയാണ്. നിരീക്ഷണ ജ്യോതിശാസ്ത്രരംഗത്ത് പുതിയ സാങ്കേതികവിദ്യയും സാങ്കേതിക ഉപകരണങ്ങളും ആവശ്യപ്പെടുന്ന മേഖല കൂടിയാണിത്. പുതിയ കണ്ടുപിടിത്തം ഈ മേഖലയിലുള്ള ഗവേഷണത്തിന് പുതിയൊരു ദിശാബോധമാണ് നല്‍കിയിരിക്കുന്നത്.

⭕പുതുതായി കണ്ടെത്തിയ സൂപ്പര്‍ ക്ളസ്റ്ററിന് സരസ്വതി എന്ന പേരു നല്‍കിയത് സരസ്വതി നദീ തീര സംസ്കാരവുമായി ബന്ധപ്പെട്ടാണ്. പുതുതായി കണ്ടെത്തുന്ന പ്രപഞ്ച പ്രതിഭാസങ്ങള്‍ക്ക് ഗ്രീക്ക്, ഹിന്ദു, ചൈനീസ് തുടങ്ങിയ പുരാതന സംസ്കാരങ്ങളിലെ ദേവന്മാരുടെയോ ദേവതമാരുടെയോ പേരിടുന്ന പതിവും ഈ പേരിടലിനുകാരണമായത്രെ. പുനെ അയൂക്കയുടെ ഡയറക്ടറായ സോമക് റായ്ചൌധരി, ശാസ്ത്രജ്ഞനായ ജൊയ്ദീപ് ബാഗ്ചി, ഐസറിലെ ഗവേഷക വിദ്യാര്‍ഥിയായ ശിശിര്‍ ശങ്കയ്യന്‍, ജംഷഡ്പുര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ പ്രൊഫസറായ ഡോ. പ്രകാശ് സര്‍ക്കാര്‍, തൊടുപുഴ ന്യൂമാന്‍സ് കോളേജിലെ ഭൗതികശാസ്ത്രാധ്യാപകനും അയൂക്ക അസോസിയേറ്റുമായ ഡോ. ജോ ജോക്കബ്, അയൂക്ക ഗവേഷകനായ പ്രതിക് ധബാഡെ എന്നിവരാണ് പുതിയ കണ്ടുപിടിത്തത്തിനു പിന്നിലെ പ്രധാനികള്‍, ഗവേഷണ റിപ്പോര്‍ട്ട് അസ്ട്രോഫിസിക്കല്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

 ⚙️ സരസ്വതിയും ലാനിയകയയും 

⭕നമ്മുടെ മാതൃഗ്യാലക്സിയായ ക്ഷീരപഥം ഉള്‍പ്പെടുന്ന സൂപ്പര്‍ ക്ളസ്റ്ററാണ് ലാനിയകയ (Laniakea). ക്ഷീരപഥത്തിനു പുറമെ ഒരുലക്ഷത്തോളം ഗ്യാലക്സികളുടെ സംഘാതമാണിത്. 52 കോടി പ്രകാശവര്‍ഷമാണ് ലാനിയകയയുടെ വിസ്തൃതി. 100 കോടിക്കോടി സൂര്യന്മാരുടെ പിണ്ഡമുണ്ട് ഈ സൂപ്പര്‍ ക്ളസ്റ്ററിന്. 2014 സെപ്തംബറിലാണ് ലാനിയകയ സൂപ്പര്‍ ക്ളസ്റ്റര്‍ നിര്‍വചിക്കപ്പെട്ടത്. മുമ്പ് സൂപ്പര്‍ ക്ളസ്റ്റുകളായി കരുതിയിരുന്ന വിര്‍ഗോ സൂപ്പര്‍ ക്ളസ്റ്റര്‍, ഹൈഡ്ര-സെന്റാറസ് സൂപ്പര്‍ ക്ളസ്റ്റര്‍, പാവോ-ഇന്‍ഡസ് സൂപ്പര്‍ ക്ളസ്റ്റര്‍, സതേണ്‍ സൂപ്പര്‍ ക്ളസ്റ്റര്‍ എന്നിവയെക്കൂടി ഉള്‍പ്പെടുത്തിയാണ് ലാനിയകയ സൂപ്പര്‍ ക്ളസ്റ്റര്‍ നിര്‍വചിക്കപ്പെട്ടത്. ഇവയ്ക്കുപുറമെ വലിയ നക്ഷത്രസമൂഹങ്ങളായ ആബെല്‍ 3565, ആബെല്‍ 3574, ആബെല്‍ 3521, ഫോര്‍നാക്സ്, എറിഡാനസ്, നോര്‍മ എന്നിവയും ലാനിയകിയ സൂപ്പര്‍ ക്ളസ്റ്ററിന്റെ ഭാഗമാണ്.

⚙️ സൂപ്പര്‍ ക്ളസ്റ്ററുകള്‍ ഉണ്ടാകുന്നത് 

⭕ദൃശ്യപ്രപഞ്ചത്തില്‍ നക്ഷത്രങ്ങള്‍ അധികവും കൂട്ടങ്ങളായാണ് കാണപ്പെടുന്നത്. ഒരു പൊതു ഗുരുത്വകേന്ദ്രത്തെ ആധാരമാക്കിയാകും ഇത്തരം നക്ഷത്രങ്ങളുടെ ചലനം. ഇത്തരം സ്റ്റാര്‍ ക്ളസ്റ്ററുകളും ഒറ്റനക്ഷത്രങ്ങളുമെല്ലാം ചേര്‍ന്ന വലിയ നിര്‍മിതിയാണ് ഗ്യാലക്സികള്‍. ഗ്യാലക്സികേന്ദ്രത്തിലുള്ള അതിശക്തമായ ഒരു ഗുരുത്വമേഖലയെ ആധാരമാക്കിയാകും ഗ്യാലക്സികളിലുള്ള നക്ഷത്രങ്ങളുടെ സഞ്ചാരം. ഇത് മിക്കവാറും ഒരു തമോദ്വാരമാകും. നൂറു കണക്കിന് ഇത്തരം ഗ്യാലക്സികള്‍ കൂടുതല്‍ ശക്തമായ ഒരു ഗുരുത്വകേന്ദ്രത്തെ ആധാരമാക്കി ചലിച്ചുകൊണ്ടിരുന്നാല്‍ അത്തരം ഗ്രൂപ്പിനെയാണ് ഗ്യാലക്സി ക്ളസ്റ്ററുകള്‍ എന്നു വിളിക്കുന്നത്. 1015 സൗരപിണ്ഡങ്ങള്‍ വരെയാണ് ഗ്യാലക്സി ക്ളസ്റ്ററുകളുടെ ആകെ പിണ്ഡം. 1980 വരെ ദൃശ്യപ്രപഞ്ചത്തിലെ ഏറ്റവും വലിയ നിര്‍മിതിയായാണ് ഗ്യാലക്സി ക്ളസ്റ്ററുകള്‍ അറിയപ്പെട്ടത്. ഹെര്‍ക്കുലിസ് ക്ളസ്റ്റര്‍, കോമ ക്ളസ്റ്റര്‍, വിര്‍ഗോ ക്ളസ്റ്റര്‍ മുതലായവ സമീപത്തുള്ള ഗ്യാലക്സി ക്ളസ്റ്ററുകളാണ്. ഇത്തരം ഗ്യാലക്സി ക്ളസ്റ്ററുകള്‍ കൂടിച്ചേര്‍ന്നാണ് സൂപ്പര്‍ ക്ളസ്റ്ററുകള്‍ രൂപംകൊള്ളുന്നത്. പ്രപഞ്ചത്തിലെ വലിയ നിര്‍മിതികളിലൊന്നാണ് സൂപ്പര്‍ ക്ളസ്റ്ററുകള്‍. നമ്മുടെ മാതൃഗ്യാലക്സിയായ ക്ഷീരപഥം, അതുപോലെയുള്ള 54 ഗ്യാലക്സികള്‍ ചേര്‍ന്ന ലോക്കല്‍ ഗ്രൂപ്പിന്റെയും നൂറുകണക്കിന് ലോക്കല്‍ ഗ്രൂപ്പുകള്‍ ചേര്‍ന്ന വിര്‍ഗോ ഗ്യാലക്സി ക്ളസ്റ്ററിന്റെയും ഇത്തരം നിരവധി ഗ്യാലക്സി ക്ളസ്റ്ററുകള്‍ ചേര്‍ന്ന ലാനിയകിയ സൂപ്പര്‍ ക്ളസ്റ്ററിന്റെയും ഭാഗമാണ്. ദൃശ്യപ്രപഞ്ചത്തില്‍ 10 ദശലക്ഷത്തില്‍പ്പരം സൂപ്പര്‍ ക്ളസ്റ്ററുകള്‍ ഉണ്ടെന്ന് അനുമാനിക്കപ്പെടുന്നു. ലോക്കല്‍ ക്ളസ്റ്ററുകളിലെ അംഗങ്ങളെപ്പോലെ ഒരു ഗുരുത്വകേന്ദ്രത്തെ ആധാരമാക്കിയല്ല പലപ്പോഴും സൂപ്പര്‍ ക്ളസ്റ്ററുകളിലെ ഗ്യാലക്സികള്‍ ചലിക്കുന്നത്. ഡാര്‍ക്ക് എനര്‍ജിയുടെ പ്രഭാവമാണ് കാരണം.

⚙️ സ്ലോണ്‍ ഡിജിറ്റല്‍ സ്കൈ സര്‍വേ 

⭕നിരീക്ഷണ ജ്യോതിശാസ്ത്രത്തെയൊന്നാകെ മാറ്റിമറിച്ച ആകാശസെന്‍സസ് ആണ് സ്ലോണ്‍ ഡിജിറ്റല്‍ സ്കൈ സര്‍വേ (എസ് ഡി എസ് എസ്). സരസ്വതി സൂപ്പര്‍ ക്ളസ്റ്റര്‍ കണ്ടെത്തിയ ശാസ്ത്രജ്ഞര്‍ എസ്ഡിഎസ്എസ് സെന്‍സസിനെ ആശ്രയിച്ചിട്ടുണ്ട്. ന്യൂ മെക്സിക്കോയിലെ അപാച്ചെ പോയിന്റ് ഒബ്സര്‍വേറ്ററിയിലെ 2.5 മീറ്റര്‍ ദൂരദര്‍ശിനി ഉപയോഗിച്ച് ഒരുസമയം ആകാശത്തിന്റെ 1.5 ചതുരശ്ര ഡിഗ്രിവീതം സ്കാന്‍ ചെയ്താണ് എസ്ഡിഎസ്എസ് ആകാശ ഗോളങ്ങളുടെ കണക്കെടുക്കുന്നത്.