മഹാമാരിയുടെ കാലത്തെ അതിജീവനശേഷി

Simple Science Technology

മഹാമാരിയുടെ കാലത്തെ അതിജീവനശേഷി

✒️ഡോ. പ്രസാദ് അലക്‌സ്

⭕️ശേഷിയുള്ളവരുടെ അതിജീവനവും പ്രകൃതിനിർദ്ധാരണപ്രക്രിയയുമാണ് ജൈവപരിണാമത്തിന്റെ അടിസ്ഥാനപ്രമാണങ്ങളായി പരിഗണിക്കുന്നത്. പക്ഷെ അതിജീവനശേഷി എന്നത് വളരെ ലളിതമായി വരച്ചുകാണിക്കാവുന്ന കാര്യമല്ല. സാഹചര്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ ജനിതകസവിശേഷതകൾ ഉള്ള ജീവികൾ അതിജീവനത്തിലും പ്രജനനത്തിലും മേൽക്കൈ നേടുന്നു. അങ്ങനെ അവയുടെ സവിശേഷതകൾ ‘ജീനുകൾ’ വഴി അടുത്ത തലമുറയിലേക്ക് കൂടുതലായി കൈമാറ്റം ചെയ്യുന്നു. മാറിവരുന്ന സാഹചര്യങ്ങളോട് അനുകൂലനപ്പെടാനുള്ള സാദ്ധ്യത എന്നോ സന്നദ്ധത എന്നോ പറയാം. പരിതസ്ഥിയിലുണ്ടാവുന്ന നിരന്തര മാറ്റങ്ങൾ പരിണാമത്തിന്റെ ഗതിവിഗതികളെ സ്വാധീനിക്കുന്നുവെന്ന് വ്യക്തം.

⭕️മൻപുണ്ടായിട്ടില്ലാത്ത മാരകമായ അണുബാധകൾ പൊട്ടിപ്പുറപ്പെടുമ്പോൾ പ്രകൃതി നിർദ്ധാരണത്തിനുള്ള സാഹചര്യമാണ് ഒരുങ്ങുന്നത്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ആരാണ് ഏറ്റവും അതിജീവന ശേഷിയുള്ളവർ എന്നത് കുഴക്കുന്ന പ്രശ്‌നമാണ്. ഈ രോഗത്തിനെതിരെ ഫലപ്രദമായ സവിശേഷ ചികിത്സാ മാർഗ്ഗങ്ങൾ ഇല്ലാത്തതുകൊണ്ട് അതിജീവനം എന്നത് വ്യക്തികളുടെ രോഗപ്രതിരോധപ്രതികരണത്തെ ആശ്രയിക്കുന്നുവെന്ന് ചില വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. പലപ്പോഴും മനുഷ്യരിലെ രോഗപ്രതിരോധ പ്രതികരണം ഇരുതല മൂർച്ചയുള്ള വാൾ പോലെയാണ്. ഒരു വഴിക്ക് രോഗാണുബാധയെ ചെറുക്കാൻ സഹായിക്കുമ്പോൾ തന്നെ മറുവഴിക്ക് അമിതപ്രതികരണം മൂലമുണ്ടാവുന്ന രോഗാവസ്ഥ ഗൗരവതരമായ ആരോഗ്യപ്രശ്‌നങ്ങൾ സൃഷ്ടിക്കുകയും ചെയ്തേക്കാം.

????പരതിരോധ പ്രതികരണത്തിന്റെ ഘട്ടങ്ങൾ

⭕️ശരീരത്തിന്റെ പ്രതിരോധപ്രവർത്തനങ്ങൾക്ക് സഹജപ്രതിരോധം, അഡാപ്റ്റീവ് അഥവാ ആർജ്ജിതപ്രതിരോധം എന്നിങ്ങനെ രണ്ട് ഘട്ടങ്ങൾ ഉൾപ്പെടുന്നു. രോഗകാരിയോ അതിൽ നിന്നുള്ള ‘വിഷപദാർത്ഥമായ’ ആന്റിജനോ ശരീരത്തിൽ പ്രത്യക്ഷപ്പെട്ട് ഉടൻ തന്നെയോ മണിക്കൂറുകൾക്കുള്ളിലോ പ്രവർത്തനസജ്ജമാകുന്നതാണ് സ്വതസിദ്ധമായ പ്രതിരോധസംവിധാനം അഥവാ സഹജപ്രതിരോധം. ചർമവും ശ്ലേഷ്മസ്ഥരവും പോലെയുള്ള ശാരീരിക തടസ്സങ്ങൾ, രക്തത്തിലെ ചില രാസവസ്തുക്കൾ, ശരീരത്തിലെത്തിയ വിദേശകോശങ്ങളെ ആക്രമിക്കുന്ന പ്രതിരോധകോശങ്ങൾ എന്നിവയൊക്കെ ഇതിൽ ഉൾപ്പെടുന്നു. പലതരം രോഗകാരികൾക്കും ആന്റിജനുകൾക്കും എതിരെയുള്ള ശരീരത്തിന്റെ പൊതുവായ പ്രതിരോധശേഷിയാണിത്.

⭕️അഡാപ്റ്റീവ് അല്ലെങ്കിൽ ആർജ്ജിതപ്രതിരോധം സവിശേഷമായ രോഗപ്രതിരോധപ്രതികരണമാണ്. അതായത്, ഒരു പ്രത്യേക രോഗകാരിക്കെതിരെ അല്ലെങ്കിൽ ആന്റിജനെതിരെ പ്രവർത്തിക്കുന്നതെന്നർഥം. സഹജപ്രതിരോധത്തിന്റെ തുടർച്ചയായാണ് ഈ ഘട്ടം വരുന്നത്. പക്ഷേ കുറേക്കൂടി സങ്കീർണമാണ് ഈ പ്രക്രിയ. ആന്റിജൻ ഏതാണെന്ന് ‘സെൻസ്’ ചെയ്ത് തിരിച്ചറിയണം. ഇതിന് ഉപയുക്തമായ കോശങ്ങളും രാസതന്മാത്രകളും വ്യവസ്ഥയുടെ ഭാഗമാണ്. തിരിച്ചറിഞ്ഞുകഴിഞ്ഞാൽ പ്രസ്തുത ആന്റിജനെ ആക്രമിക്കാൻ പ്രത്യേകമായി രൂപകല്പന ചെയ്ത രോഗപ്രതിരോധകോശങ്ങളുടെ സൈന്യത്തെ സൃഷ്ടിക്കുന്നു. ഇവയിൽ ഒരു വിഭാഗം ആന്റിജനെ നിർവീര്യമാക്കുന്ന ‘ആന്റിബോഡി’ എന്ന് വിളിക്കുന്ന രാസതന്മാത്രകൾ പുറപ്പെടുവിക്കും. ഇവയുടെ പ്രവർത്തനവും സവിശേഷമാണ്; അതായത് പ്രത്യേക ആന്റിജനെതിരെയാണ് പ്രവർത്തിക്കുന്നത്. ആർജ്ജിതപ്രതിരോധശേഷിയിൽ ഒരു നിർദ്ദിഷ്ട ആന്റിജനെതിരെയുള്ള ഭാവിപ്രതികരണം കൂടുതൽ കാര്യക്ഷമമാക്കുന്ന ‘മെമ്മറി’ അഥവാ ‘ഓർമ്മ’ കൂടി ഉൾപ്പെടുന്നു.

⭕️മറ്റൊരു വീക്ഷണത്തിൽ പ്രതിരോധവ്യവസ്ഥയുടെ പ്രവർത്തനത്തെ സമീപിക്കാം. രോഗകാരിക്കെതിരെ ആരംഭിക്കുന്ന പ്രത്യാക്രമണത്തിന്റെ ഊർജ്ജിതഘട്ടവും ഈ യുദ്ധത്തിലെ നാശനഷ്ടങ്ങൾ ലഘൂകരിക്കുന്ന ഘട്ടവുമെന്ന രീതിയിലും വേർതിരിക്കാം. രണ്ടാം ഘട്ടം ശരിയായി നടക്കണമെങ്കിൽ പ്രത്യാക്രമണം നിയന്ത്രണവിധേയമാവണം. പ്രതിരോധപ്രതികരണത്തെ നമുക്ക് ഒരു മോട്ടോർ വാഹനത്തിന്റെ സഞ്ചാരത്തോട് വേണമെങ്കിൽ ഉപമിക്കാം. സുരക്ഷിതമായി ലക്ഷ്യത്തിൽ എത്തിച്ചേരാൻ ആക്‌സിലറേറ്ററും ബ്രേക്കും ശരിയായി പ്രവർത്തിക്കണം. ഏതെങ്കിലും ഒന്നിന്റെ പോരായ്മ ഗുരുതരമായ അപകടങ്ങളിലേക്ക് നയിക്കാം. ഒരു രോഗകാരിക്കെതിരെയുള്ള പ്രതിരോധ പ്രവർത്തനത്തിലും ഇങ്ങനെ രണ്ട് പ്രഭാവങ്ങൾ തമ്മിലുള്ള സൂക്ഷ്മമായ സന്തുലനം ആവശ്യമാണ്. ഒരു രോഗകാരിയുടെ ആക്രമണം ഉണ്ടാവുമ്പോൾ ഒന്നാംഘട്ട പ്രതിരോധ പ്രവർത്തനം ആരംഭിക്കുന്നു. ഇത് രോഗബാധ ഉണ്ടായ ഇടങ്ങളിൽ വീക്കത്തിന് കാരണമാവുന്നു. അവിടെ വിവിധ തരത്തിലുള്ള പ്രതിരോധ കോശങ്ങൾ എത്തുകയും അവ രോഗകാരികളെ നശിപ്പിക്കുകയും ചെയ്യുന്നു. (സഹജ-അഡാപ്റ്റീവ് വ്യവസ്ഥകളുടെ പ്രത്യാക്രമണം)

⭕️ഇതിന്റെ തുടർച്ചയായി രണ്ടാംഘട്ടം സംഭവിക്കുന്നു. അപ്പോൾ ‘റഗുലേറ്ററി ടി-സെൽസ്’ എന്നറിയപ്പെടുന്ന പ്രതിരോധകോശങ്ങൾ വീക്കം കുറയുവാൻ സഹായിക്കുന്നു. അപ്പോൾ രോഗബാധയുണ്ടായ കോശങ്ങളിലെയും കലകളിലെയും കേടുപാടുകൾ പൂർണ്ണമായി പരിഹരിക്കാൻ കഴിയും. അങ്ങനെ രോഗസൗഖ്യം ഉണ്ടാവും. ആദ്യഘട്ടത്തിലെ (പ്രത്യാക്രമണ) പോരായ്മ വൈറസോ ബാക്ടീരിയ പോലുള്ള രോഗകാരികൾ നിയന്ത്രണമില്ലാതെ പെരുകാൻ ഇടയാക്കും.

രണ്ടാംഘട്ടത്തിലെ (ശമന) പോരായ്മ കടുത്ത നീർക്കെട്ട്, വീക്കം കലകളുടെ നാശം ഇവയ്‌ക്കൊക്കെ കാരണമാവുന്നു.

⭕️കൊവിഡ് 19-ന് കാരണമാവുന്ന കൊറോണ വൈറസ് കോശങ്ങളിലേക്ക് കയറുന്നത് കോശപ്രതലത്തിൽ കാണുന്ന ഒരു സ്വീകരണി വഴിയാണ്. ACE2 എന്നാണ് ഇതറിയപ്പെടുന്നത്. മനുഷ്യ ശരീരത്തിലെ പലതരം കലകളിൽ ഇത് കാണപ്പെടുന്നുണ്ട്. ശ്വസനവ്യൂഹത്തിലും രക്തസംക്രമണ വ്യവസ്ഥയിലെ കലകളിലും ഈ സ്വീകരണികൾ ഉണ്ട്. വൈറസ്ബാധ സംഭവിക്കുമ്പോൾ ശരീരത്തിൽ ആദ്യഘട്ട പ്രതികരണം നടക്കുന്നു. ഇവിടെ പലതരം രോഗകാരികൾക്ക് എതിരെയുള്ള പൊതു പ്രതികരണം ആദ്യം നടക്കും. തൽഫലമായി വീക്കം ഉണ്ടാവുന്നു. രോഗകാരികളെ വിഴുങ്ങി നശിപ്പിക്കുന്ന ചില പ്രതിരോധ കോശങ്ങൾ പ്രവർത്തിക്കുകയും ചെയ്യുന്നു. പിന്നീട് ഈ രോഗകാരിക്ക് എതിരെയുള്ള സവിശേഷ പ്രതികരണവും ഉണ്ടാവുന്നു. ‘ബി ലിംഫോസൈറ്റുകൾ’ എന്നറിയപ്പെടുന്ന പ്രതിരോധ കോശങ്ങൾ വൈറസിനെതിരെ ആന്റിബോഡികൾ പുറപ്പെടുവിക്കുന്നു. ഇവ വൈറസിൽ ബൈൻഡ് ചെയ്യുന്നു, പിന്നീട് വൈറസിന് പുതിയ കോശങ്ങളിലെ സ്വീകരണികളിൽ ബന്ധിപ്പിക്കാൻ കഴിയുന്നില്ല. ഇങ്ങനെ അവയെ ബാധിക്കുന്നത് തടയാം. കില്ലർ ടി സെൽ (killer T-cells) എന്നറിയപ്പെടുന്ന ഒരു നിര പ്രതിരോധകോശങ്ങൾ വൈറസ്ബാധ ഉണ്ടായ കോശങ്ങളെ തന്നെ നശിപ്പിച്ച് കളയാൻ സഹായിക്കും. അങ്ങനെ വൈറസ് പെരുകുന്നത് തടയുന്നു.ഒന്നാംഘട്ടത്തിൽ പ്രതിരോധകോശങ്ങൾ ‘സൈറ്റോക്കൈൻസ്’ (cytokines) എന്നറിയപ്പെടുന്ന ഒരു കൂട്ടം പ്രോട്ടീൻ തന്മാത്രകൾ പുറപ്പെടുവിക്കുന്നു. പ്രതിരോധപ്രവർത്തനങ്ങളുടെ ചങ്ങലവഴിയിൽ (pathway) വിവിധകോശങ്ങൾ തമ്മിൽ സിഗ്നലുകൾ (രാസസന്ദേശങ്ങൾ) കൈമാറുന്നത് സൈറ്റൊക്കൈൻസ് വഴിയാണ്. കലകളിൽ വീക്കമുണ്ടാകാൻ കാരണമാവുന്നതും ഈ തന്മാത്രകളാണ്. പല ധർമങ്ങൾ നിർവഹിക്കുന്ന പലതരത്തിലുള്ള സൈറ്റോക്കൈനുകൾ ഉണ്ട്.

⭕️ഒന്നാംഘട്ടത്തിൽ പ്രതിരോധ വ്യവസ്ഥ ശരിയായി പ്രവർത്തിച്ചില്ലെങ്കിൽ വൈറസിന് അതിവേഗം പെരുകാൻ കഴിയുന്നു. അങ്ങനെ രോഗം മൂർച്ഛിക്കുന്നു. പ്രതിരോധ വ്യവസ്ഥയിലെ പോരായ്മകൾ മൂലം ഇങ്ങനെ സംഭവിക്കാം. പ്രായാധിക്യം ഉള്ളവർ, അവയവമാറ്റങ്ങൾ നടത്തിയിട്ടുള്ള രോഗികൾ, ചികിത്സയിലുള്ള ക്യാൻസർ രോഗികൾ സ്വാഭാവികമായി തന്നെ പ്രതിരോധ പ്രശ്‌നങ്ങൾ ഉള്ളവർ, കടുത്ത അലർജി രോഗമുള്ളവർ തുടങ്ങിയവർക്കൊക്കെ ഇത്തരം പ്രശ്‌നങ്ങൾ ഉണ്ടാവാം. ഇങ്ങനെയുള്ള വ്യക്തികളിൽ മതിയായ തോതിൽ ആന്റിബോഡികൾ, ടി- കോശങ്ങൾ എന്നിവ ഉണ്ടാവുന്നില്ല. ഇത് വൈറസ് അനിയന്ത്രിതമായി പെരുകാനും രോഗം മൂർച്ഛിക്കാനും ഇടയാക്കും

????വീക്കം മൂലം ശ്വാസകോശത്തിനുണ്ടാവുന്ന കേടുപാടുകൾ

⭕️വൈറസ് കൂടുതലായി പെരുകുമ്പോൾ ശ്വാസകോശത്തിലും മറ്റ് അവയവങ്ങളിലും കൂടുതൽ പ്രശ്‌നങ്ങൾ ഉണ്ടാവും. സാധാരണ നിലയിൽ തന്നെ പലയിനം സൂക്ഷ്മജീവികൾ ശ്വസനവ്യൂഹത്തിൽ നിലനിൽക്കുന്നുണ്ട്. ഇവയിൽ പലരും നിരുപദ്രവകാരികളാണ്. പക്ഷേ ചിലതൊക്കെ പെരുകിയാൽ കുഴപ്പങ്ങൾ ഉണ്ടാകുന്നവയാണ്. കൊറോണ വൈറസ് പരക്കുമ്പോൾ ഇവ തമ്മിലുള്ള സന്തുലനം വ്യത്യാസപ്പെടാം. വൈറസ്ബാധമൂലം വീക്കം ഉണ്ടാവുന്ന ഭാഗങ്ങളിൽ പ്രശ്‌നകാരിയായ ബാക്ടീരിയകളുടെ എണ്ണവും പെരുകാൻ ഇടയാവും. ഇത് ന്യൂമോണിയ രോഗത്തിലേക്ക് നയിക്കുന്നു. ‘അൽവിയോളി’ എന്നറിയപ്പെടുന്ന ശ്വാസകോശത്തിലെ വായു അറകളിൽ ദ്രവം നിറയുന്നു. ഇതിൽ ചലവും ഉണ്ടാവാം. തൽഫലമായി ശ്വാസോച്ഛാസം ബുദ്ധിമുട്ടാകുന്നു. ഇത്തരം ഒരവസ്ഥ കൂടുതൽ വീക്കത്തിന് ഇടയാക്കുന്നു. ഇത് Acute respiratory distress syndrome – ADRS എന്നറിയപ്പെടുന്ന ശ്വാസം കിട്ടാൻ കടുത്ത ബുദ്ധിമുട്ടുള്ള രോഗാവസ്ഥ ഉണ്ടണ്ടാക്കുന്നു. വൈറസ് ബാധയും മറ്റ് ബാക്ടീരിയ ബാധയും നിയന്ത്രണ വിധേയമല്ലാത്തതിനാൽ രോഗപ്രതിരോധ വ്യവസ്ഥ കടുത്ത പ്രതികരണത്തിലേക്ക് പോകാം. കൂടുതൽ വീക്കത്തിന് ഇടയാക്കുന്ന സൈറ്റോക്കൈൻ തന്മാത്രകൾ അനിയന്ത്രിതമായി പുറപ്പെടുവിക്കപ്പെടുന്നു. ഇത് ‘സൈറ്റോക്കൈൻ സ്റ്റോം’ എന്ന അവസ്ഥക്ക് കാരണമാവുന്നു.

⭕️ഈ അവസ്ഥയിൽ വീക്കം കുറയ്ക്കുവാനുള്ള രണ്ടാംഘട്ട പ്രതിരോധ പ്രവർത്തനങ്ങൾ ശരിയായി നടക്കാതെ വരാം. അങ്ങനെ സൈറ്റോക്കൈൻ സ്റ്റോം നിയന്ത്രിക്കപ്പെടാതെ വരുന്നു. അങ്ങനെ വരുമ്പോൾ രോഗബാധ ഉണ്ടായ കോശങ്ങളെ നശിപ്പിക്കുവാൻ വേണ്ടിയുള്ള രാസതന്മാത്രകൾ നിയന്ത്രണമില്ലാതെ ഉല്പാദിപ്പിക്കപ്പെടുന്നു. ഇത് ശ്വാസകോശങ്ങളിലും മറ്റ് അവയവങ്ങളിലും വലിയ കേടുപാടുകൾ ഉണ്ടാക്കും.ACE2 സ്വീകരണികൾ ശരീരത്തിൽ ഉടനീളം കാണപ്പെടുന്നതിനാൽ ഒന്നാം ഘട്ടത്തിൽ ഉണ്ടാവുന്ന ടി-കോശങ്ങൾ വൈറസ് ബാധയുള്ള വിവിധ അവയവങ്ങളിലെ കോശങ്ങളെ വ്യാപകമായി നശിപ്പിക്കുന്നു. അങ്ങനെ ശ്വാസകോശത്തിന് മാത്രമല്ല ഹൃദയം, കിഡ്‌നി തുടങ്ങിയ അവയവങ്ങൾക്കും കേടുപാടുകൾ ഉണ്ടാവുകയും മരണകാരണമായിത്തീരുകയും ചെയ്യും. നാഡീകോശങ്ങളിലും പ്രശ്‌നങ്ങളുണ്ടാക്കാമെന്ന് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നു

????പരതിരോധ വ്യവസ്ഥയുടെ സന്തുലനം

⭕️കോവിഡ്-19 രോഗബാധയുണ്ടാവുന്ന ഭൂരിഭാഗം മനുഷ്യർക്കും ഇത്തരം സങ്കീർണതകൾ ഇല്ലാതെ രോഗമുക്തി ലഭിക്കുന്നുണ്ട്. ഫലപ്രദമായ ഒരു വാക്‌സിൻ മനുഷ്യശരീരത്തിൽ ആന്റിബോഡി, ടി-സെൽ പ്രതികരണങ്ങൾ ഉണ്ടാക്കാൻ ശേഷിയുള്ളതാകണം. ഇത് വൈറസിനെ കോശങ്ങളുടെ ഉള്ളിലേക്ക് കടന്ന് പെരുകുന്നതിൽ നിന്ന് തടയുന്നു. പക്ഷേ ഫലപ്രദമായ ഒരു വാക്‌സിൻ ശരീരത്തിൽ അധിക വീക്കത്തിന് കാരണമാവാൻ പാടില്ല.

⭕️വളരെ കടുത്ത സൈറ്റോക്കൈൻ സ്റ്റോം, ARDS തുടങ്ങിയ അവസ്ഥകളിലേക്ക് പോവുന്ന രോഗികൾക്ക് വീക്കം കുറയ്ക്കുവാനുള്ള ഫലപ്രദമായ പുതിയ മരുന്നുകളുടെ ആവശ്യകത ഉണ്ട്. ഈ മരുന്നുകൾ സൈറ്റോക്കൈൻ സ്റ്റോമിനെ നിയന്ത്രിക്കുമ്പോൾ തന്നെ പ്രതിരോധ പ്രവർത്തനത്തെ അമിതമായി തടയാനും പാടില്ല. എങ്കിൽ മാത്രമേ ശ്വാസകോശത്തിനും മറ്റ് അവയവങ്ങൾക്കും കേടുപാടുകൾ ഇല്ലാതെ വൈറസിനെ നിയന്ത്രിക്കാനാവൂ. പ്രതിരോധപ്രവർത്തനത്തെയും വീക്കത്തെയും നിയന്ത്രിക്കുന്ന ഡെക്‌സാമെതസോൺ പോലെയുള്ള മരുന്നുകൾ രോഗിക്ക് നൽകുന്ന സമയവും പ്രധാനമാണ്. കൃത്യസമയത്തല്ല നൽകുന്നതെങ്കിൽ പ്രയോജനപ്രദമാകില്ലെന്ന് മത്രമല്ല വിപരീതഫലം ഉളവാക്കുകയും ചെയ്യാം. രോഗബാധയുടെ തുടക്കത്തിൽ ഇത്തരം മരുന്നുകൾ ഉപയോഗിക്കുന്നത് അപകടം ചെയ്യും. കാരണം പ്രതിരോധവ്യവസ്ഥ രോഗാണുബാധക്കെതിരെ പ്രവർത്തിക്കുന്ന സമയമാണ്. അപ്പോൾ പ്രതിരോധ വ്യവസ്ഥയെ നിയന്ത്രിച്ചാൽ രോഗാണുബാധ വർദ്ധിക്കാൻ ഇടയാകും. പക്ഷേ ARDS പോലെയുള്ള അവസ്ഥ ഉണ്ടായി വഷളായി തുടങ്ങിയാൽ പിന്നീട് ഇത്തരം മരുന്നുകൾ ഫലപ്രദമാകണമെന്നുമില്ല. അപ്പോൾ അതിന് മുമ്പുതന്നെ ഈ മരുന്നുകൾ കൊടുത്ത് തുടങ്ങണം. ഇതിന് ഏറ്റവും ഉചിതമായ സമയം തീരുമാനിക്കാൻ രോഗിയുടെ ശരീരത്തിലെ ആന്റിബോഡി, സൈറ്റോക്കൈൻ ഇവയുടെ നിലവാരം മനസ്സിലാക്കി തീരുമാനമെടുക്കേണ്ടത് പ്രധാനമാണ്. ചികിത്സകന്റെ പ്രാവീണ്യവും സൂക്ഷ്മതയും ഇവിടെ പ്രസക്തമാണ്. അത്‌പോലെ ആന്റി വൈറൽ മരുന്നുകൾ പ്രയോജനം ചെയ്യാൻ സാദ്ധ്യത വൈറസ് ക്രമാതീതമായി പെരുകുന്നതിന് മുൻപുള്ള ആദ്യഘട്ടങ്ങളിലാണെന്ന് വിദഗ്ദ്ധർ അഭിപ്രയപ്പെടുന്നു.

⭕️കോവിഡ് 19-ന്റെ പശ്ചാത്തലത്തിൽ പ്രതിരോധപ്രതികരണം സന്തുലിതമായി രണ്ട് ഘട്ടങ്ങളിലും പ്രവർത്തിക്കുന്ന വ്യക്തികളാണ് ഏറ്റവും കരുത്തർ അല്ലെങ്കിൽ അതിജീവന ശേഷിയുള്ളവർ. അതിന്റെ അർത്ഥം ശക്തമായ ഒന്നാംഘട്ട പ്രതിരോധ പ്രവർത്തനം വൈറസ് ബാധയെ തടയുകയും വൈറസ് ശ്വാസകോശത്തിൽ പെരുകുന്നത് ഇല്ലാതാക്കുകയും ചെയ്യണം. ഇതിനെത്തുടർന്ന് കൃത്യമായ രണ്ടാംഘട്ട പ്രതികരണവും ഉണ്ടാകണം. ഇത് അമിത വീക്കത്തെയും സൈറ്റോക്കയിൻ സ്റ്റോമിനെയും തടയണം.

⭕️വാക്‌സിനുകളായാലും മറ്റ് ചികിത്സാ മാർഗ്ഗങ്ങളായാലും രണ്ട് പ്രതികരണങ്ങളെ സൂക്ഷ്മമായി സന്തുലനപ്പെടുത്തണം. എങ്കിലേ ഫലപ്രദമാവൂ. ഒരു ജനതയിൽ ആരാണ് ഏറ്റവും അനുയോജ്യരായ അല്ലെങ്കിൽ അതീജീവനശേഷിയുള്ള വ്യക്തികളെന്ന് നിർണ്ണയിക്കുക എളുപ്പമല്ല. കായികശേഷിയോ ശാരീരികമായ കരുത്തോ പ്രായക്കുറവോ ഒന്നും വൈറസിനെ അതിജീവിക്കുമെന്നുള്ള പരിപൂർണ്ണ ഗ്യാരൻടി അല്ല. വൈറസ് പെരുകുന്നത് തടയുകയും അധികമായ വീക്കമുള്ള അവസ്ഥ ഉണ്ടാകാതെയും ഉള്ള കൃത്യമായ പ്രതിരോധ പ്രതികരണം ഉള്ളവരാണ് ഏറ്റവും അനുയോജ്യർ അല്ലെങ്കിൽ അതിജീവനശേഷിയുള്ളവർ.