സാറ്റേൺ റോക്കറ്റും അപ്പോളോ പേടകവും

Simple Science Technology


 മനുഷ്യ സ്വപ്നങ്ങളെ ചന്ദ്രനിലെത്തിച്ച പടുകൂറ്റൻ സാറ്റേൺ റോക്കറ്റും അപ്പോളോ പേടകവും

⭕ചാന്ദ്രപര്യവേക്ഷണവും പര്യടനവും ലക്ഷ്യമാക്കി യു.എസ്. ആസൂത്രണം ചെയ്ത ബഹിരാകാശ പദ്ധതി. യവനപുരാണത്തിലെ സൂര്യദേവൻ അപ്പോളോയെ അവലംബിച്ചാണ് ഐതിഹാസികമായ ചാന്ദ്രയാത്രാപദ്ധതിക്ക് അപ്പോളോ പദ്ധതി എന്നു പേരിട്ടത്. അപ്പോളോ ബഹിരാകാശ പേടകവും സാറ്റേൺ വിക്ഷേപിണിയും ആണ് ഈ യാത്രകൾക്ക് ഉപയോഗിച്ചത്.

⭕ഐസക് ന്യൂട്ടന്റെ ഗുരുത്വാകർഷണതത്ത്വം അനുസരിച്ചുതന്നെ ചാന്ദ്രയാത്ര സാധ്യമാണെന്ന് ശാസ്ത്രജ്ഞർ കരുതിയിരുന്നു. ചന്ദ്രൻ ഭൂമിയെ പ്രദക്ഷിണം വയ്ക്കുന്നു; ഭൂമി ചന്ദ്രനെയും ഭൂമിയെ ചന്ദ്രനും ആകർഷിക്കുന്നു. ചന്ദ്രന്റെ ഗതിവേഗവും ഭൂഗുരുത്വാകർഷണവും തമ്മിൽ ഒരു സന്തുലിതാവസ്ഥ നിലനിൽക്കുന്നു. ഈ ശക്തികളെ അതിലംഘിക്കുക എന്നതാണ് ചാന്ദ്രയാത്ര സാധിക്കാനുള്ള മാർഗം. ഭൂമിയുടെ ആകർഷണത്തെ ശക്തിയായി പ്രതിരോധിക്കുകയും ആ മേഖല കടന്ന് ചന്ദ്രന്റെ ആകർഷണമേഖലയിൽ പ്രവേശിക്കുകയും ആണ് ആദ്യഘട്ടം. തുടർന്ന് ചന്ദ്രന്റെ ആകർഷണം കൊണ്ടുതന്നെ ചന്ദ്രനിലേക്ക് എത്താൻ കഴിയും. പക്ഷേ വേഗത നിയന്ത്രിച്ചില്ലെങ്കിൽ വാഹനം കുത്തനെ ചന്ദ്രനിൽ ചെന്നിടിക്കും. ഈ നിയന്ത്രണം സാധിക്കുന്നതു റോക്കറ്റുകളുടെ സഹായത്താലാണ്. യു.എസ്. പ്രസിഡന്റ് ഐസനോവറിന്റെ കാലത്താണ് അപ്പോളോ പദ്ധതിയുടെ പ്രാഥമിക രൂപരേഖ തയ്യാറാക്കപ്പെട്ടത്. മനുഷ്യനിയന്ത്രിത ബഹിരാകാശ പദ്ധതികളായ മെർക്കുറി, ജെമിനി എന്നിവയുടെ തുടർച്ചയെന്ന നിലയ്ക്കാണ് അപ്പോളോ പദ്ധതി ആവിഷ്ക്കരിക്കപ്പെട്ടത്. 1960-കളിൽ തന്നെ മനുഷ്യനെ ചന്ദ്രനിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ അപ്പോളോ പദ്ധതി പ്രസിഡന്റ് കെന്നഡി പുനഃസംവിധാനം ചെയ്തു (1961). ചന്ദ്രനെയും ചാന്ദ്രമണ്ഡലത്തേയും കുറിച്ച് മെർക്കുറി - ജെമിനി പദ്ധതികൾ, യു.എസ്.എസ്.ആറിന്റെ ലൂണാർ പദ്ധതി തുടങ്ങിയവ നൽകിയ അറിവുകൾ അടിസ്ഥാനമാക്കി പ്രാതികൂലഘടകങ്ങളെ അതിജീവിക്കാൻ സാധിക്കുന്നവിധത്തിലാണ് അപ്പോളോ വാഹനങ്ങൾ രൂപകല്പന ചെയ്തത്.

⚙️അപ്പോളോ വാഹനത്തിന് 3 ഭാഗങ്ങളുണ്ട്:

????മുഖ്യവാഹനം അഥവാ മാതൃപേടകം (command module)

????സാധനസാമഗ്രികൾ നിറച്ച പേടകം (Service module)

????ചാന്ദ്രപേടകം (Lunar module).

⭕യാത്രയുടെ ഭൂരിഭാഗവും മൂന്നു സഞ്ചാരികൾ ഒരുമിച്ചു മാതൃപേടകത്തിൽ കഴിയുന്നു. അതിൽ ആഫീസ്മുറിയും കിടക്കമുറിയും ഊണുമുറിയും കുളിമുറിയും മറ്റും സജ്ജീകരിച്ചിരിക്കും. മാതൃപേടകവും ഭൂമിയിലെ ബഹിരാകാശകേന്ദ്രവും തമ്മിൽ നിരന്തര സമ്പർക്കം പുലർത്തുന്നു. യാത്രയുടെ ആരംഭത്തിൽ സർവീസ് മോഡ്യൂൾ മാതൃപേടകത്തോടു ചേർത്തു ഘടിപ്പിച്ചിരിക്കും. സർവീസ് മോഡ്യൂളിലാണ് റോക്കറ്റ് ഇന്ധനവും യാത്രയിൽ സഞ്ചാരികൾക്ക് ആവശ്യമായ ഭക്ഷണസാധനങ്ങൾ മുതലായവയും സംഭരിച്ചുവയ്ക്കുന്നത്. മൂന്നാമത്തെ ഭാഗമായ ചാന്ദ്രപേടകം സർവീസ് മോഡ്യൂളിന് അടിയിലായിട്ടാണ് യാത്രയുടെ ആരംഭത്തിൽ ഘടിപ്പിച്ചുവയ്ക്കുന്നത്. യാത്രാമധ്യത്തിൽ ചാന്ദ്രപേടകം സർവീസ് മോഡ്യൂളിനു മുകളിലായി മാതൃപേടകത്തോടു ചേർത്തു ഘടിപ്പിക്കും.

⭕ചാന്ദ്രമണ്ഡലത്തിൽവച്ച് ചാന്ദ്രപേടകം മാതൃപേടകത്തിൽനിന്നു വേർപെട്ട് ചാന്ദ്രപ്രതലത്തിലേക്കു യാത്ര ചെയ്യും. ചാന്ദ്രപേടകത്തിനു രണ്ടു ഭാഗങ്ങളുണ്ട് - ആരോഹണഭാഗവും (ascent stage) അവരോഹണഭാഗവും (descent stage). രണ്ടും ഒന്നിച്ചു ചാന്ദ്രപ്രതലത്തിൽ ഇറങ്ങുന്നു. അവരോഹണഭാഗം പ്രവർത്തിപ്പിച്ചാണ് ചാന്ദ്രപ്രതലത്തിൽ ഇറങ്ങുന്നത്. ആരോഹണഭാഗത്താണ് രണ്ടു സഞ്ചാരികൾ നില്ക്കുന്നത്. ചാന്ദ്രപേടകം വേർപെട്ടശേഷം മാതൃപേടകം ചന്ദ്രനെ പ്രദക്ഷിണം വച്ചുകൊണ്ടിരിക്കും. ചാന്ദ്രപേടകത്തിലെ സഞ്ചാരികൾ വെളിയിലിറങ്ങി നിർദിഷ്ട പരീക്ഷണങ്ങൾ നടത്തി, തിരിച്ചു പേടകത്തിൽ കയറി അവരോഹണഭാഗം ഒരു വിക്ഷേപണത്തട്ടാ(launching pad))യി ഉപയോഗിച്ച്, ആരോഹണഭാഗത്തിൽ മുകളിലേക്കു പറന്ന് മാതൃപേടകവുമായി സന്ധിക്കുന്നു. ആരോഹണഭാഗം ചാന്ദ്രപ്രതലത്തിലേക്ക് ഉപേക്ഷിച്ചുകളയുകയാണ് പതിവ്.

⭕മാതൃപേടകവും ചാന്ദ്രപേടകവും തമ്മിൽ ചേർക്കുകയും വേർപെടുത്തുകയും ചെയ്യാനുള്ള സജ്ജീകരണങ്ങളുണ്ട്. മാതൃപേടകം മാത്രമാണ് തിരികെ വന്നു സമുദ്രത്തിൽ ഇറങ്ങുക. വഴിയിൽവച്ച് സർവീസ് മോഡ്യൂൾ ഉപേക്ഷിച്ച് ഭാരക്കുറവുവരുത്തുന്നു. നിശ്ചിതവേഗം കൈവരുത്തി ഭൂമിയുടെ സമീപത്ത് എത്തിയാൽപിന്നെ സർവീസ് മോഡ്യൂളിന്റെ ആവശ്യമില്ല

സാറ്റേൺ V

⭕1967 നും 1973 നും ഇടയിൽ നാസ ഉപയോഗിച്ച ഒരു മനുഷ്യസഞ്ചാരയോഗ്യമായ റോക്കറ്റാണ് സാറ്റേൺ V .പ്രധാനമായും ചന്ദ്രനിലേക്ക് മനുഷ്യനെ അയക്കുവാനുള്ള അപ്പോളോ ദൗത്യങ്ങൾക്കായാണ് ഈ ത്രീ സ്റ്റേജ് ലിക്വിഡ്-പ്രൊപ്പല്ലന്റ് സൂപ്പർ ഹെവി-ലിഫ്റ്റ് വിക്ഷേപണ വാഹനം വികസിപ്പിച്ചെടുത്തത്. പിന്നീട് ആദ്യത്തെ അമേരിക്കൻ ബഹിരാകാശ നിലയമായ സ്കൈലാബ് വിക്ഷേപിക്കാനും ഇത് ഉപയോഗിച്ചു. ഫ്ലോറിഡയിലെ കെന്നഡി ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് 13 തവണ സാറ്റേൺ V വിക്ഷേപിച്ചു. 2019 ലെ കണക്കനുസരിച്ച്, സാറ്റേൺ V ഇതുവരെ ഉപയോഗിക്കപ്പെട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ഉയരം കൂടിയതും ഏറ്റവും ഭാരമേറിയതുമായ റോക്കറ്റായി തുടരുന്നു. കൂടാതെ ലോ എർത്ത് ഓർബിറ്റിലേക്ക് വിക്ഷേപിച്ച ഏറ്റവും ഭാരം കൂടിയ പേലോഡിന്റെ (140,000 കിലോഗ്രാം) റെക്കോർഡും സാറ്റേൺ V-ന് ഇന്നും സ്വന്തമാണ്. ഇന്നുവരെ, ഭൂമിയുടെ ഭ്രമണപഥത്തിനപ്പുറത്തേക്ക് മനുഷ്യരെ എത്തിച്ചിട്ടുള്ള ഒരേയൊരു വിക്ഷേപണ വാഹനമാണ് സാറ്റേൺ V. മൊത്തം വിക്ഷേപണയോഗ്യമായ 15 റോക്കറ്റുകൾ നിർമ്മിച്ചെങ്കിലും 13 എണ്ണം മാത്രമാണ് ഉപയോഗിക്കപ്പെട്ടത്. ഗ്രൗണ്ട് ടെസ്റ്റിംഗ് ആവശ്യങ്ങൾക്കായി മൂന്ന് വാഹനങ്ങൾ കൂടി നിർമ്മിച്ചു. 1968 ഡിസംബർ മുതൽ 1972 ഡിസംബർ വരെയുള്ള നാലുവർഷത്തിനിടെ മൊത്തം 24 ബഹിരാകാശയാത്രികരെ ചന്ദ്രനിലേക്ക് വിക്ഷേപിച്ചു.