ഗോമൂത്രത്തിലെ സ്വർണ്ണം

Simple Science Technology

ഗോമൂത്രത്തിലെ സ്വർണ്ണം

വയാജവാർത്തകൾ ഉണ്ടാക്കുകയും, വിശ്വസിക്കുകയും എളുപ്പമാണ്, കാര്യ-കാരണങ്ങൾ കണ്ടെത്തി തെറ്റാണെന്നു തെളിയിക്കുക ശ്രമകരവും!!

വാര്‍ത്ത: ജുനാഗഡ്‌ കാർഷിക സർവകലാശാലയിൽ നിന്നാണ്‌. അവിടത്തെ ബയോടെക്‌നോളജി വിഭാഗത്തിലെ ശാസ്‌ത്രജ്ഞനായ ഡോ.ബി എ ഗൊലാക്കിയയും സംഘവും നാല്‌ വർഷം നീണ്ട ഗവേഷണത്തിനൊടുവിൽ ഗിർപശുക്കളുടെ മൂത്രത്തിൽ സ്വർണം കണ്ടെത്തിയതായി അവകാശപ്പെടുന്നു. 400 ഗിർപശുക്കളുടെ മൂത്രം പരിശോധിച്ചതിൽ ഓരോ ലിറ്ററിൽ നിന്നും 3 മി.ഗ്രാം മുതല്‍ 10 മി.ഗ്രാം വരെ സ്വർണമാണ്‌ വേർതിരിച്ചെടുക്കാൻ കഴിഞ്ഞത്‌. പശുക്കിടാങ്ങളുടെ മൂത്രത്തിലാണത്രേ കൂടുതല്‍ സ്വര്‍ണം; അതും രാവിലത്തെ മൂത്രത്തില്‍. ഗ്യാസ്‌ ക്രൊമാറ്റോഗ്രാഫി – മാസ്‌സ്‌പെക്ട്രോമെട്രി (GC – MS) എന്ന രസതന്ത്രവിദ്യയാണ്‌ ഉപയോഗിച്ചതെന്നും സ്വര്‍ണം കൂടാതെ വെള്ളി, ഫോസ്‌ഫറസ്‌, ബോറോണ്‍, കാത്സ്യം തുടങ്ങിയ മറ്റു ലോഹങ്ങളും വേര്‍തിരിച്ചെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്‌ എന്നും അവര്‍ അവകാശപ്പെടുന്നു. ആട്‌, ഒട്ടകം, എരുമ തുടങ്ങിയ മൃഗങ്ങളുടെ പാല്‍ പരിശോധിച്ചതില്‍ ഗിര്‍ പശുവിന്റെ അത്ഭുതവിദ്യയൊന്നും അവയ്‌ക്ക്‌ വശമില്ല എന്നു വ്യക്തമായി.

ഗജറാത്തിലെ പശുക്കളുടെ മൂത്രം ഗുജറാത്തിലെ ശാസ്‌ത്രജ്ഞര്‍ പഠിച്ചതുകൊണ്ടാണോ സ്വര്‍ണം കിട്ടിയത്‌ എന്നു ചിലര്‍ക്കു സംശയം. ഹിന്ദുത്വം വേണ്ടത്ര ഉള്‍ക്കൊള്ളാത്ത മറ്റു നാടുകളിലെ പശുക്കളെക്കൂടി ആരെങ്കിലും പഠിക്കേണ്ടിയിരിക്കുന്നു. ഇതെങ്ങാന്‍ ശരിയായാല്‍ സ്വര്‍ണത്തിന്റെ ഒരു അക്ഷയഖനിതന്നെയാവും ലോകത്തിനു മുന്നില്‍ തുറക്കുക. എത്രകോടി പശുക്കളാ നമ്മുടെ നാട്ടില്‍! എത്രകോടി ലിറ്റര്‍ ഗോമൂത്രം!! എത്ര ആയിരം ടണ്‍ സ്വര്‍ണമാണ്‌ ഓരോ കൊല്ലവും കിട്ടുക (കണക്കറിയാവുന്നവര്‍ ഒന്നു കണക്കുകൂട്ടി പറയണേ). ലക്ഷങ്ങള്‍ക്കു തൊഴിലും. GC – MS വിദ്യ പഠിപ്പിക്കുന്ന സാങ്കേതിക സ്ഥാപങ്ങള്‍ നാടാകെ. സ്വര്‍ണ കള്ളക്കടത്തുകാരുടെ കാര്യാവും കഷ്ടം. മൂന്ന്‌ കോടി രൂപയ്‌ക്കുള്ള സ്വര്‍ണാഭരണവും അണിഞ്ഞ്‌ കുംഭമേളയ്‌ക്കു വന്ന നമ്മുടെ `ഗോള്‍ഡന്‍ ബാബ’യില്ലേ, അദ്ദേഹത്തിന്‌ ഈ വിദ്യ നേരത്തേ കിട്ടിയിട്ടുണ്ടാകുമോ?


ഭൗതികശാസ്‌ത്രജ്ഞരാണ്‌ ആകെ കുടിങ്ങിയിരിക്കുന്നത്‌. പശു കഴിക്കുന്ന പുല്ലിലും മറ്റും സസ്യാംശങ്ങളിലും ചെറിയ അളവില്‍ സ്വര്‍ണവും അതിലേറെ ചെമ്പും കാത്സ്യവും മറ്റു മൂലകങ്ങളും ഉണ്ടായിരിക്കാം. (ബയോകെമിസ്‌ട്രിക്കാര്‍ പറയട്ടെ) അതു പക്ഷേ മൂന്ന്‌ മില്ലിഗ്രാം പോയിട്ട്‌ അതിന്റെ പത്തിലൊന്നുപോലും വരില്ല. മാത്രമല്ല, പശുവിന്റെ മൂത്രത്തില്‍ 3-10 മി.ഗ്രാം ഉണ്ടെങ്കില്‍ എരുമയുടെ മൂത്രത്തില്‍ എത്രയുണ്ടാകണം! ആനയുടെ മൂത്രത്തിലോ! ഇനി, ഗിര്‍പശു മറ്റു മൂലകങ്ങളെ സ്വര്‍ണാക്കി മാറ്റുന്നുണ്ടെങ്കില്‍ അതിനുള്ള എന്തു യന്ത്രമാണ്‌ അവയുടെ വൃക്കയിലുള്ളത്‌? സ്വര്‍ണം ഒരു ഹെവി മെറ്റല്‍ ആണ്‌. ആറ്റമിക സംഖ്യ 79ഉം ആറ്റമികഭാരം 197ഉം ആണ്‌. പശു ഭക്ഷിക്കുന്ന വസ്‌തുക്കളിലടങ്ങിയ മറ്റു മൂലകങ്ങളെ (മുഖ്യമായും നൈട്രജനും ഓക്‌സിജനും കാര്‍ബണും) സ്വര്‍ണമാക്കി മാറ്റണമെങ്കില്‍ അനേകം പ്രോട്ടോണുകളെയും ന്യൂട്രോണുകളെയും അണുകേന്ദ്രത്തിലേക്ക്‌ ഇടിച്ചുകയറ്റേണ്ടിവരും. ഇതിനെ ന്യൂക്ലിയര്‍ ട്രാന്‍സ്‌മ്യൂട്ടേഷന്‍ എന്നു പറയും. വലിയ കണത്വരിത്രങ്ങള്‍ (particle accelarators) ഉപയോഗിച്ചാണ്‌ മനുഷ്യര്‍ ചില ന്യൂക്ലിയര്‍ ട്രാന്‍സ്‌മ്യൂട്ടേഷനൊക്കെ നടത്തുന്നത്‌. ഗിര്‍പശുവിന്‌ ഇതിന്‌ എങ്ങനെ കഴിയും? ഇതിലും എളുപ്പം വജ്രം നിര്‍മിക്കലാണ്‌. കാരണം അതിനു കാര്‍ബണേ വേണ്ടൂ. അത്‌ പശുവിന്റെ ഭക്ഷണത്തില്‍ വേണ്ടത്ര ഉണ്ടുതാനും. അതുകൊണ്ട്‌ പശുവിന്റെ ചാണകമാണ്‌ കൂടുതല്‍ ശ്രദ്ധയോടെ പരിശോധിക്കേണ്ടതെന്നും വജ്രം കണ്ടെത്താന്‍ കൂടുതല്‍ സാധ്യതയുണ്ടെന്നും ഭൗതികശാസ്‌ത്രജ്ഞര്‍ പറയുന്നു.


ഇതിനിടെ ഹിന്ദുസ്ഥാന്‍ ടൈംസില്‍ ശുഭകരമായ മറ്റൊരു വാര്‍ത്തയുണ്ട്‌. ഹോളി കൗ ഫൗണ്ടേഷന്‍ (Holy cow foundation) എന്ന ഒരു സംഘടനയുടെ വക അനേകതരം സൗന്ദര്യവസ്‌തുക്കള്‍ വില്‍ക്കുന്ന ഒരു കട – തേലാഷോപ്പ്‌ – ദല്‍ഹിയില്‍ ഗംഭീരകച്ചവടം നടത്തുന്നു. എല്ലാം പശുവില്‍നിന്ന്‌ – മൂത്രവും, ചാണകവും പാലും ഒക്കെ ഉപയോഗിച്ചു തന്നെ. കടയുടമ അനുരാധാമോഡി പറയുന്നത്‌ ദിവസേന ചുരുങ്ങിയത്‌ ഇരുപത്തഞ്ചു പേരെങ്കിലും വന്നു ഫേസ്‌പേക്കും ഷാംപൂവും സോപ്പും ഒക്കെ വാങ്ങിപ്പോകുന്നു എന്നാണ്‌. ഗോമൂത്രഷാമ്പൂവും സോപ്പുമെല്ലാം തൊലിക്കു ഭയങ്കര മാര്‍ദവം സൃഷ്ടിക്കുംപോലും.