ആറ്റം ബോംബ് & ഹൈഡ്രജൻ ബോംബ്

Simple Science Technology

ന്യൂക്ലിയർ ക്ലബ്, ആറ്റം ബോംബ്, ഹൈഡ്രജൻ ബോംബ് 

ആണവായുധം സ്വായത്തമാക്കിയ രാജ്യങ്ങളുടെ പട്ടിക ന്യൂക്ലിയർ ക്ലബ് എന്നാണ് അറിയപ്പെടുന്നത്. നിലവിൽ ഒൻപത് ലോകരാജ്യങ്ങൾ ആണവായുധങ്ങൾ പരീക്ഷിച്ചിട്ടുണ്ട്. ഇതിൽ അഞ്ചു രാജ്യങ്ങൾ ആണവായുധ രാഷ്ട്രങ്ങൾ എന്ന് അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട ആണവായുധ നിർവ്യാപന കരാർ വഴിയായി അറിയപ്പെടുന്നു. അമേരിക്ക, റഷ്യ, ബ്രിട്ടൻ, ഫ്രാൻസ്, ചൈന എന്നിവയാണ് ഈ രാജ്യങ്ങൾ. ആണവായുധ നിർവ്യാപന കരാർ രൂപപ്പെടുത്തിയ ശേഷം അതിൽ ഒപ്പുവയ്ക്കാത്ത രാജ്യങ്ങളായ ഇന്ത്യയും പാകിസ്താനും ഉത്തര കൊറിയയും ഇസ്രയേലും ആണവായുധ പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്. 

 ⚙️ ആറ്റം ബോംബ് 

അണുവിഘടനം ആധാരമാക്കി പ്രവർത്തിക്കുന്ന ആണവായുധമാണ് ആറ്റം ബോംബ് അഥവാ ഫിഷൻ ബോംബ്. റേഡിയോ ആക്ടിവ് മൂലകങ്ങളായ യുറേനിയം, പ്ലൂട്ടോണിയം തുടങ്ങിയവയുടെ അണുകേന്ദ്രം ന്യൂട്രാണുകൾ ഉപയോഗിച്ച് തകർക്കുന്ന പ്രക്രിയയാണ് ഇവിടെ നടക്കുന്നത്. അണുകേന്ദ്രം തകരുമ്പോൾ പുറത്തുവരുന്ന ന്യൂട്രാണുകൾ കൂടുതൽ അണുകേന്ദ്രങ്ങൾ തകർക്കുകയും അതൊരു ശൃംഖലാ പ്രതിപ്രവർത്തനത്തിനു കാരണമാവുകയും ചെയ്യും. അനിയന്ത്രിതമായ ഈ ശൃംഖലാ പ്രതിപ്രവർത്തനം കാരണം വലിയ തോതിൽ ഉൗർജം പുറന്തള്ളപ്പെടും. സ്ഫോടനത്തെത്തുടർന്നുണ്ടാകുന്ന തീയും ചൂടും ഒരു പ്രദേശത്തെയാകെ തുടച്ചുനീക്കും. ഒരു യുദ്ധത്തിൽ അണുബോംബ് ഉപയോഗിച്ചത് അമേരിക്ക മാത്രമാണ്. ബോംബ് സ്ഫോടനം ഉണ്ടാക്കുന്ന ആൾനാശത്തിനും മറ്റു നാശനഷ്ടങ്ങൾക്കും പുറമെ റേഡിയോ ആക്ടിവ് ഇന്ധനങ്ങളിൽനിന്നു പുറപ്പെടുന്ന മാരക വികിരണങ്ങൾ ആ പ്രദേശത്ത് വർഷങ്ങളോളം ദുരിതം വിതക്കും. ജനിതക വൈകല്യത്തിനും കാൻസർപോലെയുള്ള രോഗങ്ങൾക്കും ഇതു കാരണമാകും. സ്ഫോടനം സൃഷ്ടിക്കുന്ന വൻ പുകപടലം മാസങ്ങളോളം അന്തരീക്ഷത്തിൽ തങ്ങിനിൽക്കും. അത് ആ പ്രദേശത്തെ താപനില വളരെ താഴ്ത്തുകയും സൂര്യനെ അദൃശ്യമാക്കുകയും ചെയ്യും. എപ്പോഴും രാത്രിയായ നിലയിലായിരിക്കും ആ പ്രദേശം. ആണവ ശൈത്യം എന്നാണീ പ്രതിഭാസം അറിയപ്പെടുന്നത്. 

 ⚙️ ഹൈഡ്രജൻ ബോംബ് 

ന്യൂക്ലിയർ ഫ്യൂഷൻ ആധാരമാക്കി പ്രവർത്തിക്കുന്ന ആണവായുധമാണ് തെർമോന്യൂക്ലിയർ ബോംബ് അഥവാ ഹൈഡ്രജൻ ബോംബ്. ഭാരം കുറഞ്ഞ അണുകേന്ദ്രങ്ങൾ സംയോജിപ്പിച്ച് ഭാരം കൂടുതലുള്ള അണുകേന്ദ്രം സൃഷ്ടിക്കുമ്പോൾ വൻതോതിൽ ഉൗർജം പുറന്തള്ളപ്പെടും എന്ന സിദ്ധാന്തത്തെ പ്രയോഗവത്കരിക്കുകയാണ് ഈ ആയുധത്തിൽ ചെയ്യുന്നത്. ഹൈഡ്രജന്റെ ഐസോടോപ്പുകളായ ഡ്യൂട്ടീരിയം, ട്രിഷ്യം എന്നിവയാണ് ഈ ബോംബിൽ അണുസംയോജനത്തിന് ഉപയോഗിക്കുന്നത്. ഹൈഡ്രജൻ ബോംബിന്റെ പ്രഹരശേഷി ആറ്റംബോബിനെ അപേക്ഷിച്ച് വളരെ കൂടുതലാണ്. അമേരിക്ക, സോവിയറ്റ് യൂനിയൻ, ബ്രിട്ടൻ, ഫ്രാൻസ്, ചൈന, ഇന്ത്യ, ഇപ്പോൾ ഉത്തര കൊറിയ എന്നീ രാജ്യങ്ങൾ ഹൈഡ്രജൻ ബോംബ് പരീക്ഷിച്ചിട്ടുണ്ട്. 1952 ൽ അമേരിക്കയാണ് ആദ്യമായി ഹൈഡ്രജൻ ബോംബ് പരീക്ഷിച്ചത്. 1961ൽ സോവിയറ്റ് യൂണിയൻ പരീക്ഷിച്ച ഹൈഡ്രജൻ ബോംബിന്റെ പ്രഹരശേഷി 50 മെഗാടൺ ടി.എൻ.ടിക്ക് തുല്യമായിരുന്നു.

ഒരു ഫ്യൂഷൻ ബോംബ് സ്ഫോടനം നടത്തുന്നതിന് ഉയർന്ന താപനില ആവശ്യമാണ്. സൂര്യനിലും നക്ഷത്രങ്ങളിലുമാണ് സാധാരണയായി ന്യൂക്ലിയർ ഫ്യൂഷൻ നടക്കുന്നത്. ഉയർന്ന താപനിലയിൽ മാത്രമേ ഹൈഡ്രജൻ ന്യൂക്ലിയസുകൾ കൂടിച്ചേർന്ന് ഹീലിയം അണുകേന്ദ്രമുണ്ടാവുകയുള്ളൂ. ഈ ഉയർന്ന താപനില സൃഷ്ടിക്കുന്നതിനുവേണ്ടി തെർമോന്യൂക്ലിയർ ബോംബിനുള്ളിൽ ഒരു ഫിഷൻ ബോംബും സജ്ജീകരിച്ചിരിക്കും. സ്ഫോടനത്തിെൻറ ആദ്യഘട്ടത്തിൽ ഫിഷൻ ബോംബ് പൊട്ടിത്തെറിക്കും. അതു സൃഷ്ടിക്കുന്ന ഉയർന്ന താപനിലയിൽ ഹൈഡ്രജൻ അണുകേന്ദ്രത്തിെൻറ ഫ്യൂഷൻ ആരംഭിക്കും. അതോടെ ഭീമമായ ഉൗർജവും വികിരണങ്ങളും പുറന്തള്ളപ്പെടും. ഈ വികിരണങ്ങളിലുള്ള ന്യൂട്രാണുകൾ വീണ്ടും ഫിഷൻ ബോംബിൽ ഉപയോഗിച്ചിട്ടുള്ള യുറേനിയം, 

പ്ലൂട്ടോണിയം ഐസോടോപ്പുകളിൽ പതിക്കുകയും ശൃംഖലാ പ്രവർത്തനം ത്വരിതഗതിയിലാക്കുകയും ചെയ്യും. ബൂസ്റ്റഡ് ഫിഷൻ എന്നാണീ പ്രക്രിയക്ക് പറയുന്ന പേര്.