ഭൂമിയിൽ ജീവൻ ഇനി എത്ര സമയം വരെ ?

Simple Science Technology

ഭൂമിയിൽ ജീവൻ ഇനി എത്ര സമയം വരെ ?

⚛️⚛️⚛️⚛️⚛️⚛️⚛️⚛️⚛️

https://youtu.be/dpAP6ejA9-A

⭕ഭൂമിയിൽ ജീവന്റെ നിലനിൽപ്പിനാധാരം എന്താണെന്നു ചോദിച്ചാൽ വായു, വെള്ളം എന്നൊക്കെയായിരിക്കും മിക്കവാറും നമുടെ ഉത്തരം. എന്നാൽ ഇത്തരം ഘടകങ്ങളുടെ രൂപപ്പെടലിൽ നിർണായക പങ്കുവഹിക്കുന്നതും ഭൂമിയിലെ ഊർജത്തിന്റെ പ്രധാന സ്രോതസ്സുമാണ് സൂര്യൻ. സൂര്യനാണ് ഭൂമിയിലെ സർവ്വ ചരാചരങ്ങളുടെയും യഥാർത്ഥ കാരണഭൂതൻ. ചക്രവാളത്തിലെ ഏറ്റവും പ്രകാശമേറിയ വസ്തു എന്ന നിലക്ക് ആദിമ മനുഷ്യന്റെ ശ്രദ്ധയെ വളരെയധികം സ്വാധീനിച്ച ജ്യോതിർ ഗോളമാണ് സൂര്യൻ. അതിന്റെ സാന്നിദ്ധ്യം പകലും അസാന്നിദ്ധ്യം അന്ധകാരവും സൃഷ്ടിക്കുന്നതായും അവർ നിരീക്ഷിച്ചു. ഭൂമിയുടെ മേലുള്ള ഈ പ്രകാശ തേജസിന്റെ സ്വാധീനം തിരിച്ചറിഞ്ഞ ചരിത്രാതീത കാലത്തേയും പുരാതന കാലത്തേയും സംസ്കാരങ്ങൾ സൂര്യനെ ഒരു ദേവനായി കരുതിപോന്നു.

⭕പതുക്കെയാണ്‌ സൂര്യനക്ഷത്രത്തെ കുറിച്ചുള്ള കൃത്യമായ ശാസ്ത്രീയ അറിവുകൾ മനുഷ്യൻ ആർജ്ജിച്ചെടുത്തത്. പത്തൊൻപതാം നൂറ്റാണ്ടുവരെ ജ്യോതിശാസ്ത്രജ്ഞർക്ക് പോലും സൂര്യന്റെ ഭൗതികഘടനയെക്കുറിച്ചോ ഊർജ്ജത്തിന്റെ ഉറവിടത്തെക്കുറിച്ചോ അറിവുണ്ടായിരുന്നില്ല. സൂര്യനെക്കുറിച്ചുള്ള അറിവുകൾ ഇപ്പോഴും പൂർണ്ണമൊന്നുമല്ല, അത് പ്രകടിപ്പിക്കുന്ന പല അസ്വാഭാവിക പ്രതിഭാസങ്ങളും ഇപ്പോഴും വിശദീകരിക്കപ്പെടാതെ നിലനിൽക്കുന്നുണ്ട്.

⭕ഏകദേശം 500 കോടി വർഷം മുമ്പ് വലിയൊരു പ്രദേശത്തെ ദ്രവ്യം ഗ്രാവിറ്റേഷനൽ കൊളാപ്സ് എന്ന പ്രക്രിയയിലൂടെ കേന്ദ്രീകരിച്ച് സൂര്യനും അതിനു ചുറ്റുമുള്ള ഗ്രഹങ്ങളും ഉണ്ടായി എന്നാണ് അനുമാനിക്കുന്നത്. 

⭕എപ്പോഴും കത്തി ജ്വലിച്ചു കൊണ്ടിരിക്കുന്ന സൂര്യൻ എന്നെങ്കിലും എരിഞ്ഞടങ്ങുമോ എന്നത് എക്കാലവും മനുഷ്യൻറെ സംശയമാണ്. സൂര്യൻറെ ആയുസ്സ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഗവേഷകർ ഇതിനകം കണ്ടെത്തിയിട്ടുണ്ട്. കാലം ചെല്ലുന്നത് അനുസരിച്ച് സൂര്യൻറെ ആയുസ്സ് ചുരുങ്ങി വരികയാണത്രേ.. ഇനിയൊരു 600 കോടി വർഷം കൂടി ജ്വലിക്കാനുള്ള ഇന്ധനം സൂര്യനിൽ ബാക്കി ഉണ്ടാവും. ശേഷം ഭൂമിയെക്കാൾ വലുപ്പം കുറഞ്ഞ, ചുരുങ്ങിയ ഒരു വെള്ളക്കുള്ളൻ (White Dwarf) നക്ഷത്രമായി അത് മാറും. അന്ന് , ഭൂമി ഉണ്ടായിരുന്ന സ്ഥാനത്തുനിന്നും സൂര്യനെ നോക്കിയാൽ അത് ചന്ദ്രനെക്കാൾ അൽപ്പം പ്രകാശമുള്ള ഒരു ഗോളം മാത്രമായിരിക്കും.

⭕വെള്ളക്കുള്ളനായി മാറിയ ഈ സൂര്യനിൽ ഇന്ധനങ്ങളൊട്ടുംതന്നെ അവശേഷിക്കുന്നുണ്ടാവില്ല. മറ്റു നക്ഷത്രങ്ങളാൽ പ്രകാശിക്കുന്ന ക്ഷീരപഥത്തിൽ സൗരയൂഥം അങ്ങനെ ഒരു നിഴലായി മാറും. അവിടെങ്ങും ജീവൻ ഉണ്ടായിരുന്നതിന്റെ ലക്ഷണംപോലും അന്ന് ഉണ്ടാവില്ല. പക്ഷേ ഈ കാലത്തിനിടക്ക് സൗരയൂഥത്തിൽ പലതരം നാടകീയാവസ്ഥകൾ അരങ്ങേറിയിരിക്കും.

⭕സൂര്യന്റെ ജീവിതനാടകത്തിന്റെ അവസാനഭാഗം അരങ്ങേറുന്നത് ഇന്നേക്ക് 600 കോടി വർഷം കഴിഞ്ഞായിരിക്കുമെന്നാണ് ജ്യോതിശ്ശാസ്ത്രജ്ഞന്മാർ കണക്കുകൂട്ടുന്നത്. സൂര്യന്റെ ജീവിതാന്ത്യത്തിന്റെ സമയമാണിത്.ഇന്ധനം തീരുന്നതോടെ അകക്കാമ്പിൽ സൂര്യൻ ഉള്ളിലോട്ട് ചുരുങ്ങാൻ തുടങ്ങും. പുറമേയുള്ള പാളി വികസിക്കാനും തുടങ്ങും. അങ്ങനെ സൂര്യൻ ഒരു ‘ചുവന്ന ഭീമൻ’ ആയി മാറുകയും, പുറം പാളി സൗരയൂഥത്തിലേക്ക് വികസിച്ച് വ്യാസം നൂറിരട്ടിയും പ്രകാശം ആയിരമിരട്ടിയായും വർധിക്കും. ചക്രവാളത്തിന്റെ 25% സ്ഥലത്ത് സൂര്യൻ നിറഞ്ഞു നിൽക്കും. 5 കോടി 79 ലക്ഷം കിലോമീറ്റർ അകലെയുള്ള ബുധനും 10 കോടി 80 ലക്ഷം കിലോമീറ്റർ അകലെയുള്ള ശുക്രനും നിഷ്പ്രയാസം ഉരുകിപ്പോകും. ഈ സമയം നമ്മുടെ മഹാസമുദ്രങ്ങളിലെ വെള്ളത്തിന്റെ കുറേഭാഗം ബാഷ്പീകരിക്കും. ബാഷ്പീകൃതമായ ജലം മേഘങ്ങളുടെ രൂപത്തിൽ ഭൂമിയെ മൂടും. തത്ഫലമായി ഭൂമിയിലെ താപം വീണ്ടും വർദ്ധിക്കും. ക്രമേണ സൂര്യതാപം അവശേഷിക്കുന്ന ജലത്തെ മുഴുവൻ തിളപ്പിച്ച് ബാഷ്പീകരിക്കും. അപ്പോഴേക്കും ജീവന്റെ അവശിഷ്ടങ്ങൾപോലും ഭൂമിയിൽ നിന്നും തുടച്ചുനീക്കപ്പെടിട്ടുണ്ടാവും. നമ്മുടെ ആകാശം സൗരവാതകജ്വാലകൾകൊണ്ട് നിറയും. ഭൂമിയിലെ വരണ്ട മരുഭൂമികളിൽ അഗ്നിപടരും. സൗരാഗ്നിജ്വാലകൾ ഭൂമിയിലെ പാറകളെ ഉരുക്കി ലാവാതടാകങ്ങൾ സൃഷ്ടിക്കും. തുടർന്ന് ലാവതടാകങ്ങൾ തിളച്ചുമറിയാൻ തുടങ്ങും. സൂര്യൻ ഭൂമിയെ വിഴുങ്ങുമ്പോൾ ഭൂമിയും ആകാശവും ഒരു തിളങ്ങുന്ന ചുവന്ന പ്രകാശം മാത്രമായിത്തീരും. സൗരാഗ്നിയിൽ ഭൂമിയും നശിക്കും.

⭕ആദ്യത്തെ മൂന്നുഗ്രഹങ്ങളെയും വിഴുങ്ങിയതിനുശേഷം ചുവന്ന ഭീമൻ സൂര്യൻ സ്ഥിരതയില്ലാത്തതാവും. അതിന്റെ ഉപരിതലം പുറത്തോട്ടും അകത്തോട്ടും ചാഞ്ചാടും. അപ്പോൾ സൂര്യനിൽനിന്നും ഉണ്ടാകുന്ന വാതകങ്ങൾ കറുത്തമേഘങ്ങളായി ഘനീഭവിക്കും. അവസാനം സൂര്യന്റെ പുറത്തെ ചൂടുവാതക അടുക്കുകൾ വിവിധവർണ്ണങ്ങളിൽ ഒഴുകിത്തെറിച്ച് സ്പേസിൽ പതിക്കും. അത് അവശേഷിക്കുന്ന ഗ്രഹങ്ങളേയും തുടച്ചുനീക്കും. ഈ കൊഴിഞ്ഞ് പോകുന്ന വാതക പാളികള്‍ വെള്ളക്കുള്ളൻ നക്ഷത്രത്തെ ചുറ്റി ഏകദേശം ഒരു ഗോളാകൃതിയില്‍ പതിയെ വികസിച്ച് പൊയ്ക്കൊണ്ടിരിക്കും. ഇത്തരത്തിൽ ഉള്ള പാളികളെയാണ് നാം പ്ലാനറ്ററി നെബുല (planetary nebula) എന്ന് വിളിക്കുന്നത്. നമ്മുടെ മാതൃ നക്ഷത്രമായ സൂര്യൻ അതിന്റെ ജീവിതാന്ത്യത്തിൽ പുറം പാളി അടർന്നുപോയി അങ്ങനെയൊരു പ്ലാനിറ്ററി നെബുലയായി മാറും. ഈ അവസ്ഥയിൽ സൗരയൂഥത്തിന്റെ നടുക്ക് തിളങ്ങുന്ന നമ്മുടെ സൂര്യനുണ്ടാവില്ല. പകരം അവിടെ ഭൂമിയെക്കാൾ വലിപ്പം കുറഞ്ഞ, ചുരുങ്ങിയ വെള്ളക്കുള്ളൻ സൂര്യനായിരിക്കും ഉണ്ടാകുക. അത് സൂര്യന്റെ ഘനീഭവിച്ച കാമ്പാണ്.

⭕സൂര്യൻ സ്ഥിരതയുള്ള നക്ഷത്രമാണെങ്കിലും ജനനം മുതൽ അതിന്റെ താപം കുറേശ്ശെയായി വർദ്ധിച്ചുകൊണ്ടിരിക്കുന്നുണ്ട്

⭕എല്ലാ നക്ഷത്രങ്ങളും നിലനില്‍ക്കുന്നത് അവയെ അകത്തേക്ക് വലിക്കുന്ന ഗുരുത്വാകര്‍ഷണവും പുറത്തേക്ക് തള്ളുന്ന ഊര്‍ജ്ജവും തമ്മിലുള്ള സംന്തുലിതാവസ്ഥയെ ആധാരമാക്കിയാണ്. ഇവ സമനിലയിലാണെങ്കില്‍ അത്തരം നക്ഷത്രം പ്രകാശവും ചൂടും പരത്തിക്കൊണ്ട് ഈ സമതുലനം നഷ്ടപ്പെടുന്നത് വരെ നിലനില്‍ക്കും. സൂര്യന്‍ ഇപ്പോള്‍ ഈ സ്ഥിതിയിലാണ്. ഈ അവസ്ഥയിലുള്ള നക്ഷത്രങ്ങളെയാണ് മുഖ്യധാരാ നക്ഷത്രം ആയി കണക്കാക്കുന്നത്. സൂര്യൻ ഇപ്പോൾ അതിന്റെ സുഖപ്രദമായ മധ്യവയസ്സിലൂടെ കടന്നു പോവുകയാണ്, 

⭕സമീപ ഭാവിയിലെ ഭൂമിയുടെ ഭാവികാലാവസ്ഥ എന്തായിരിക്കുമെന്ന് ഇപ്പോൾ കൃത്യമായി പ്രവചിക്കാനൊന്നുമാവില്ല. അത്, മറ്റ് പല ഘടകങ്ങളേയും ആശ്രയിച്ചിരിക്കും ഉദാഹരണത്തിന്- ഹരിതഗൃഹപ്രഭാവം സൃഷ്ടിക്കുന്ന മനുഷ്യനിർമ്മിത മലിനീകരണവസ്തുക്കൾ എത്രത്തോളം ഭൂമിയിൽനിന്നും പുറത്തുവിടുന്നു എന്നതിനെക്കൂടി ആശ്രയിച്ചായിരിക്കും അത്.

എന്നാൽ സൂര്യന്റെ വർദ്ധിക്കുന്ന ചൂട് സമീപ ഭാവിയിൽ ആർട്ടിക്കിലെയും അന്റാർട്ടിക്കിലെയും മഞ്ഞുമലകളെ ഉരുക്കി ധ്രുവപ്രദേശങ്ങൾ സുഖകരമായ മനുഷ്യജീവിതത്തിന് പര്യാപ്തമാക്കി മാറ്റാനാണ് സാധ്യത. അതിനുശേഷം സൂര്യനിൽ ഉണ്ടാകുന്ന നാടകീയമായ മാറ്റങ്ങൾ ഭൂമിയെ ആവാസയോഗ്യമല്ലാത്തതാക്കുകതന്നെ ചെയ്യും

Credits: Basheer Pengatttiri & Anoop, Science 4 Mass