കൃമി / pin worm

Simple Science Technology

കൃമി / pin worm എന്നറിയപ്പെടുന്ന Enterobius Vermicularis

⚛️⚛️⚛️⚛️⚛️⚛️⚛️⚛️⚛️

✍️ : Dr. Augustus Moris

⭕ വളരെ വിഷമത്തോടെയാണ് രാജുമോൻ തന്റെ കദനകഥ , ഡോ .സണ്ണിയോട് വിവരിച്ചത് . ഒരു പ്രത്യേക തരം നാഗവല്ലി മൂലം ഉറക്കമില്ലാതായ രാവുകൾ . പരിഹാരക്രിയകൾ ഒന്നും അങ്ങട് ഏൽക്കുന്നില്ല . ഇനിയിപ്പോ എന്താ ചെയ്ക ? 

⭕ ഉറക്കത്തിനിടെ കുണ്ടിയ്ക്ക് / ഗുദഭാഗത്ത് അനുഭവപ്പെടുന്ന വല്ലാത്ത ചൊറിച്ചിലിലായിരുന്നു തുടക്കം . ഒരിയ്ക്കൽ തന്റെ കൈവിരലുകളിലേക്ക് നോക്കിയ രാജുമോൻ , റോഡ് റോളർ കയറിയിറങ്ങിയ മാക്രിയുടെ അവസ്ഥയിലുള്ള വെളുത്ത നിറത്തിലുള്ള എന്തോ ഒന്നിനെ കണ്ടു . സംഭവം , കൃമി / pin worm എന്നറിയപ്പെടുന്ന Enterobius Vermicularis ആണെന്ന് നാട്ടിലെ പ്രമുഖ ഭിഷഗ്വരൻ തീർച്ചപ്പെടുത്തി . ആയതിനായി മരുന്നും നൽകി . പക്ഷേ എത്രയൊക്കെ ആയിട്ടും കൃമി ശല്യം മാറുന്നില്ല . ഉറക്കമില്ലാത്ത രാവുകൾ സമ്മാനിച്ച് , ശരീരത്തെ ശോഷിപ്പിച്ച് കൃമി ജൈത്രയാത്ര തുടർന്നു . 

⭕ സണ്ണി , രാജുവിനെ ആശ്വസിപ്പിച്ചു . നമ്മുടെ ഭക്ഷണത്തിലൂടെയോ കുടിവെള്ളത്തിലൂടെയോ അകത്തേക്ക് പോകുന്ന കൃമിയുടെ മുട്ടകൾ , ചെറുകുടലിൽ വച്ച് വിരിഞ്ഞ് , ലാർവകൾ ഉണ്ടാകുന്നു .ഇവ പ്രായപൂർത്തിയായി ഇണചേർന്ന് , പുരുഷു ഇഹലോകവാസം വെടിയുന്നു . ഗർഭിണി പെണ്ണ് , മുട്ടയിടാനായി മനുഷ്യ ശരീരത്തിന് പുറത്തേക്ക് വരുന്നു . വരണമെങ്കിൽ താപനില / ഊഷ്മാവ് കുറവായിരിക്കണം . ഒന്നുകിൽ രാത്രിയിൽ , അല്ലെങ്കിൽ ഗുദഭാഗത്ത് നനവ് ഉണ്ടെങ്കിൽ . അവിടെ വരുന്ന പെൺകൃമി ഒന്നും രണ്ടുമല്ല , ഏകദേശം  5000 - 17,000 മുട്ടകളിടുന്നു . മുട്ടയുടെ പുറത്ത് കാണുന്ന ആൽബുമിൻ അവ പരസ്പരം ഒട്ടിപ്പിടിച്ചിരിക്കാൻ സഹായിക്കുന്നു , ചൊറിച്ചിലും  ഉളവാക്കുന്നു .

⭕ ഉറക്കത്തിനിടെ കൈകൊണ്ടു ചൊറിയുന്ന രാജുവിന്റെ വിരലുകളിലും നഖങ്ങളിലും ആയിരക്കണക്കിനായ മുട്ടകൾ പറ്റിപ്പിടിക്കുന്നു . കിടക്കവിരിയിലും തലയിണയിലും ടൂത്ത്പേസ്റ്റിലും മൊബൈൽഫോണിലും തുടങ്ങി എവിടെല്ലാം രാജുവിന്റെ കൈകൾ സ്പർശിക്കുന്നോ അവിടെയെല്ലാം മുട്ടകൾ ആയി . വീട്ടിലെ മറ്റൊരംഗം ഇതേ തലയിണയിൽ മുഖമമർത്തി കിടക്കുകയോ , ടൂത്ത് പേസ്റ്റ് ഞെക്കുകയോ മറ്റോ ചെയ്യുമ്പോൾ അയാളുടെ വിരലുകളിലും ഇത് പറ്റിപ്പിടിയ്ക്കുന്നു .ചുരുക്കം പറഞ്ഞാ ഒരാൾക്ക് വന്നാൽ , മറ്റുള്ളവർക്കും വരും ( point source infestation  - ഏക ഉറവിടത്തിൽ നിന്നും അനേകരിലേക്ക് )  മനുഷ്യന്റെ വിരലുകൾ എപ്പോഴെങ്കിലും അറിയാതെയോ അറിഞ്ഞോ വായ്ക്ക് സമീപമോ / വായിലേക്കോ പോകുന്നു . മുട്ടകൾ ഉള്ളിൽ ചെല്ലുന്നു , വീണ്ടും കഥ തുടരുന്നു .

⭕ അപ്പൊ , കൃമിയെ നശിപ്പിക്കാൻ രാജുമോൻ മാത്രം ഗുളിക കഴിച്ചിട്ട് കാര്യമില്ല . വീട്ടിലെ എല്ലാ അംഗങ്ങൾക്കും ഒരേസമയം മരുന്ന് കൊടുക്കുക . വിരശല്യം ഉള്ളയാളുടെ വസ്ത്രങ്ങൾ , പ്രത്യേകിച്ച് അടിവസ്ത്രങ്ങൾ , തോർത്ത് , കൈലി , പാന്റ്സ് , തലയിണവിരി , കിടക്കവിരി തുടങ്ങിയവ അര മണിക്കൂർ നേരം തിളച്ച വെള്ളത്തിൽ മുക്കിവയ്ക്കുക . മുട്ടകളെ നശിപ്പിക്കുക . രണ്ടാഴ്ച കഴിഞ്ഞ് മരുന്ന് ഒന്നുകൂടി കഴിക്കുക . രാജു അപ്രകാരം ചെയ്തു . അതോടെ നിദ്രാവിഹീനങ്ങളായിരുന്ന അവന്റെ രാവുകൾ , സുഖസുഷുപ്തിയുടെ താലവുമേന്തി നിന്നു .

NB - ഭക്ഷണം പാചകം ചെയ്യുന്ന , കൈകാര്യം ചെയ്യുന്ന ആൾക്കാർക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നത് ഇതേപോലെയുള്ള ഏക ഉറവിട അസുഖങ്ങൾ മറ്റുള്ളവരിലേക്ക് പകരാതിരിക്കാനാണ് .