പ്രതിരോധ ശക്തി കൂട്ടുന്നത് അഭികാമ്യമോ?

Simple Science Technology

പ്രതിരോധ ശക്തി കൂട്ടുന്നത് അഭികാമ്യമോ?

✒️ഡോ.കെ.പി.അരവിന്ദൻ

⭕️കോവിഡ് മഹാമാരിയുടെ കാലത്ത് പ്രതിരോധ ശക്തി വർദ്ധിപ്പിക്കുന്നുവെന്നു പറഞ്ഞ് പല മരുന്നുകളും, നാടൻ പ്രയോഗങ്ങളും ഭക്ഷണങ്ങളുമൊക്കെ പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ഇത്തരം ഇമ്മ്യൂൺ ബൂസ്റ്ററുകൾ പലതും മാർക്കറ്റ് ചെയ്യപ്പെടുന്നുമുണ്ട്. ചില സർക്കാർ ഏജൻസികളുടെ പിൻതുണ പോലുമുണ്ട് ഇവയിൽ ചിലതിന്. ഈ സാഹചര്യത്തിൽ പ്രതിരോധം വർദ്ധിപ്പിക്കുക (Immune boosting) എന്നതിനെ വിലയിരുത്തുകയാണ് ഇവിടെ.

⭕️രോഗമുണ്ടാക്കുന്ന വിവിധ ഇനം അണുകളെ പ്രതിരോധിക്കാൻ ശരീരത്തിന് വലിയൊരു പ്രതിരോധ വ്യൂഹം തന്നെയുണ്ട്. പല ഇനം ലിംഫോസൈറ്റ് കോശങ്ങളാണ് അവയിൽ പ്രധാനം. നമ്മുടെ ശരീരം പ്രതികരിക്കേണ്ട രോഗാണുക്കൾ അടക്കമുള്ള ബാഹ്യവസ്തുക്കളെ ‘തിരിച്ചറിയുന്ന’ പല തരം ലിംഫോസൈറ്റുകൾ, പ്ളാസ്മാ കോശങ്ങളായി രൂപാന്തരപ്പെട്ട് ആൻ്റിബോഡികൾ നിർമിക്കുന്ന ലിംഫോസൈറ്റുകൾ, വൈറസ് ബാധിച്ച് കോശങ്ങളേയും ട്യൂമർ കോശങ്ങളേയും നശിപ്പിക്കുന്ന ലിംഫോസൈറ്റുകൾ, NK കോശങ്ങൾ എന്നിവയ്ക്കു പുറമേ, ബാക്ടീരിയകളേയും മറ്റും വിഴുങ്ങുന്ന ന്യൂട്രോഫിലുകൾ, മാക്രോഫാജുകൾ, പരാദങ്ങൾക്കെതിരെ പ്രതികരിക്കുന്ന ഇയോസിനൊഫിലുകൾ എന്നിങ്ങനെ പല തരം കോശങ്ങൾ അടങ്ങിയതാണ് ഈ പ്രതിരോധ വ്യവസ്ഥ. ഇവയെല്ലാം കൃത്യമായും തമ്മിൽ തമ്മിൽ സഹകരിച്ചു പ്രവർത്തിച്ചാണ് രോഗങ്ങളെ നേരിടുന്നത്.

⭕️ഇവിടെ കൃത്യമായി എന്നു പറയുന്നത് വളരെ പ്രധാനമാണ്. അതായത് ഓരോ രോഗാണുവിനും എതിരെ, ആ രോഗാണുവിന് മാത്രം എതിരെ, പ്രതിരോധം പ്രവർത്തിക്കേണ്ടതുണ്ട്. ഉദാഹരണത്തിന്, തൊലിയിലെ ഒരു മുറിവിൽ സ്റ്റഫൈലോകോക്കസ് എന്നാ ബാക്ടീരിയ കയറിക്കൂടി എന്നിരിക്കട്ടെ. അത് ദേഹം മുഴുവൻ പടർന്ന് രോഗം ഉണ്ടാക്കിയാൽ അതീവഗുരുതരം ആയിരിക്കും സ്ഥിതി. എന്നാൽ സംഭവിക്കുന്നത് അങ്ങനെയല്ല. ആ ബാക്ടീരിയക്കെതിരെ കൃത്യമായി ലിംഫോസൈറ്റുകൾ പ്രതികരിക്കുകയും അതിനെതിരെയുള്ള ആൻറിബോഡികൾ നിർമ്മിക്കുകയും ചെയ്യുന്നു. ഇവയുടെ പ്രവർത്തനഫലമായി ബാക്ടീരിയകൾ അവിടെത്തന്നെ ചത്തൊടുങ്ങുകയും യുദ്ധത്തിൽ നശിച്ച പ്രതിരോധ കോശങ്ങളും ബാക്ടീരിയകളും എല്ലാമടങ്ങുന്ന പഴുപ്പ് അവിടെ ഉണ്ടാവുകയും ചെയ്യുന്നു. ബാക്ടീരിയ ബാധയേറ്റ സ്ഥലത്ത് പഴുപ്പ് ഉണ്ടാവുന്നതല്ലാതെ, അത് മറ്റെവിടേക്കും പടർന്നു പിടിക്കുന്നില്ല. ബാക്ടീരിയക്കെതിരെ ആൻറിബയോട്ടിക്കുകൾ ഉപയോഗിക്കുകയാണെങ്കിൽ പ്രതിരോധകോശങ്ങളുടെ പ്രവർത്തനം കൂടുതൽ ഫലപ്രദമാകുന്നു. വലിയ പഴുപ്പൊന്നുമില്ലാതെ തന്നെ ബാക്ടീരിയകളെ കൊന്ന് നീക്കം ചെയ്യുന്നു. ഇനി, ഈ പ്രതിരോധ പ്രവർത്തനം കൃത്യമായി സ്റ്റഫൈലോകോക്കസ് ബാക്ടീരിയക്കെതിരെ മാത്രം അല്ലായിരുന്നുവെങ്കിൽ ശരീരത്തിൽ വളരെ കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായേനെ. അതുകൊണ്ട് ഒരു അണുബാധയോ മറ്റോ ഉണ്ടായാൽ പ്രതിരോധ പ്രവർത്തനം ശക്തി കൂട്ടുകയല്ല വേണ്ടത്, കൃത്യമായി ഉള്ള പ്രവർത്തനം സംഘടിപ്പിക്കുകയാണ് ആവശ്യം.

⭕️ഇപ്രകാരമാണ് നാം രോഗപ്രതിരോധ വാക്സിനുകൾക്ക് രൂപം നൽകുന്നത്. ഓരോ വാക്സിനും അത് ഏത് രോഗാണുവിനെതിരെയാണോ പ്രവർത്തിക്കേണ്ടത് എന്നു നോക്കി, അതിനെതിരെ മാത്രം പ്രതിരോധ പ്രവർത്തനം ഉണ്ടാക്കാൻ വേണ്ടി നിർമ്മിച്ചിട്ടുള്ളതാണ്. കോവിഡ്-19 വൈറസിന് എതിരെയുള്ള വാക്സീനിന്റെ കാര്യമെടുക്കുക. കോവിഡിനെതിരെയുള്ള മിക്ക വാക്സിനുകളും ആ വൈറസിന്റെ ഒരു പ്രത്യേക പ്രോട്ടീൻ ആയ സ്പൈക്ക് പ്രോട്ടീനിനെതിരെ ആൻ്റിബോഡികളും പ്രതിരോധ കോശങ്ങളും ഉണ്ടാക്കുകയാണ് ചെയ്യുന്നത്. അതല്ലാതെ, പൊതുവിൽ രോഗപ്രതിരോധ കോശങ്ങളുടെ പ്രവർത്തനം കൂട്ടുകയല്ല എന്ന് ഓർക്കുക.

⭕️രോഗപ്രതിരോധ പ്രവർത്തനത്തെ പറ്റി പറയുമ്പോൾ ഓർക്കേണ്ട മറ്റൊരു കാര്യം പലപ്പോഴും അതിന് ഉന്നം പിഴക്കാറുണ്ട് എന്നതാണ്. ഇതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് അലർജിക് രോഗങ്ങൾ. നിരുപദ്രവകാരികളായ പല വസ്തുക്കളോടും രോഗപ്രതിരോധ വ്യൂഹം പ്രതികരിക്കുമ്പോഴാണ് അലർജി ഉണ്ടാകുന്നത്. ഇത് പൊടിയിലെ ചില ഫംഗസുകളുടെ സ്പോറുകളോ ചില ചെടികളുടെ പൂമ്പൊടിയോ ആകാം. അല്ലെങ്കിൽ ചിലപ്പോൾ നിങ്ങൾ കഴിക്കുന്ന കപ്പലണ്ടിയോ മുട്ടയോ ചോക്ലേറ്റോ ആകാം. ചിലപ്പോൾ വളരെ ഗുരുതരമായ പ്രത്യാഘാതങ്ങൾ വരെ ഉണ്ടാക്കുന്ന അലർജി അമിതമായി പ്രതിരോധ പ്രവർത്തനം നടക്കുന്നതിൻ്റെ ഉദാഹരണമാണ്. ആസ്ത്മ പോലുള്ള രോഗങ്ങൾ, പലതരം ത്വക്ക് രോഗങ്ങൾ എന്നിവയൊക്കെ ഇത്തരത്തിലുള്ള വഴിവിട്ട പ്രതിരോധ പ്രവർത്തനങ്ങളുടെ ഉദാഹരണങ്ങളാണ്. ഇവ മാത്രമല്ല, ചിലപ്പോൾ പ്രതിരോധവ്യൂഹം നമ്മുടെ തന്നെ കോശങ്ങൾക്കെതിരെ തിരിയാറുണ്ട്. റൂമറ്റോയ്ഡ് ആർത്രൈറ്റിസ് എന്ന വാതരോഗം, പല അവയവങ്ങളേയും ബാധിക്കുന്ന SLE രോഗം, തൈറോയ്ഡ് പ്രവർത്തനക്കുറവ് ഉണ്ടാക്കുന്ന ഹൈപ്പോതൈറോയ്ഡിസം എന്നിവയെല്ലാം ഇത്തരത്തിലുള്ള രോഗങ്ങളുടെ ഉദാഹരണങ്ങളാണ്. ഇവയൊക്കെ പ്രതിരോധവ്യൂഹത്തിന്റെ അമിത പ്രവർത്തന ഫലം ആണെന്ന് നിസ്സംശയം പറയാം.

⭕️പരധാന പ്രതിരോധ കോശങ്ങളായ ലിംഫോസൈറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുന്ന പദാർത്ഥങ്ങൾ പല സസ്യങ്ങളിലും കാണാവുന്നതാണ്. ഉദാഹരണമായി Phytohemagglutinin, Pokeweed mitogen, Concanavalin-A എന്നിവ. ലിംഫോസൈറ്റുകളുടെ പെരുകൽ വർദ്ധിപ്പിക്കുകയാണ് ഇവ ചെയ്യുന്നത്. ലബോറട്ടറിയിൽ പലവിധ ഉപയോഗങ്ങളാണ് ഇവയ്ക്കുള്ളത്. എന്നാൽ പ്രത്യേകമായി അറിയേണ്ട കാര്യം ഇവ ജീവനുള്ള മനുഷ്യനിൽ അകത്തോട്ട് ചെന്നാൽ വിഷമാണ് എന്നുള്ളതാണ്. കൃത്യമല്ലാത്ത പ്രതിരോധശേഷി വർദ്ധനവ് ആപത്ത് വിളിച്ചുവരുത്തുകയേ ഉള്ളൂ എന്നതിൻറെ ഏറ്റവും നല്ല ഉദാഹരണമാണിത്. ഭാഗ്യവശാൽ ഇമ്മ്യൂണിറ്റി വർദ്ധിപ്പിക്കുന്നു എന്നുപറഞ്ഞ് നമുക്ക് പലവിധം പരസ്യങ്ങൾ വഴി നൽകി വരുന്ന മിക്ക പദാർത്ഥങ്ങളും യഥാർത്ഥത്തിൽ ഇതു പോലെ ഇമ്മ്യൂണിറ്റിയെ ഉത്തേജിപ്പിക്കുന്നില്ല എന്ന് നമുക്ക് ആശ്വസിക്കാം. അവ നിരുപദ്രവകാരികളാണ് മിക്കപ്പോഴും. ഉപയോഗശൂന്യവും. കൊട്ടിഘോഷി പ്പെടുന്ന ഇമ്മ്യൂണിറ്റി ബൂസ്റ്ററുകൾ പ്രവർത്തിക്കാത്തവയാണെന്നത് നമ്മുടെ ഭാഗ്യം.

⭕️രോഗപ്രതിരോധ വർദ്ധന പോലെയല്ല ശരീരത്തിൻറെ രോഗപ്രതിരോധശക്തി കുറയുന്ന അവസ്ഥ. ഇത് മെഡിക്കൽ സയൻസിന് സുപരിചിതമാണ്. എയ്ഡ്സ് രോഗം ആയിരിക്കും ഇതിൽ ഏറ്റവും പ്രസിദ്ധം. T-h ലിംഫോസൈറ്റ് കോശങ്ങളുടെ ഉള്ളിൽ കയറിപ്പറ്റി ക്രമേണ അവയെ നശിപ്പിക്കുന്നതിൻ്റെ പ്രത്യാഘാതങ്ങളാണ് എയ്ഡ്സ് രോഗമായി പ്രത്യക്ഷപ്പെടുന്നത്. ഇതിനുപുറമേ ചില കുട്ടികൾക്ക് ജന്മനാ തന്നെ ഇമ്മ്യൂൺ സിസ്റ്റം തകരാറിൽ ആയിട്ടുള്ളതായി കാണാവുന്നതാണ്. കടുത്ത പോഷകാഹാരക്കുറവ് രോഗപ്രതിരോധത്തെ മന്ദീഭവിപ്പിക്കുന്നു. പ്രമേഹരോഗം, വൃക്കമാന്ദ്യം, ഗുരുതരമായ അണുബാധകൾ എന്നിവയൊക്കെ രോഗപ്രതിരോധം ദുർബലപ്പെടുത്തുന്ന മറ്റ് അവസ്ഥകളാണ്. രോഗപ്രതിരോധ ശോഷണത്തിന് കാരണം കൃത്യമായി കണ്ടെത്തി അത് പരിഹരിക്കുക എന്നുള്ളതാണ് ഇതിനുള്ള പ്രതിവിധി. പ്രമേഹം ചികിത്സിക്കുക, എയ്ഡ്സ് രോഗത്തിനും മറ്റു ഗുരുതരമായ അണുബാധകൾക്കും അവശ്യമായ ചികിത്സ നൽകുക എന്നിവയൊക്കെ വഴിയാണ് ഈ പ്രശ്നം നേരിടേണ്ടത്. പലതരം പോഷകാഹാരങ്ങൾ വഴി പ്രതിരോധത്തെ വർദ്ധിപ്പിക്കുക എന്നത് ശരിയായ ആശയമല്ല; അത്തരം പോഷകാഹാരങ്ങൾ ആരും കണ്ടെത്തിയിട്ടുമില്ല. പോഷകാഹാരക്കുറവ് വരാതെ നോക്കുകയും ഏതെങ്കിലും പോഷകത്തിൻ്റെ കുറവ് ഉണ്ടെങ്കിൽ അത് പരിഹരിക്കുകയുമാണ് യഥാർത്ഥത്തിൽ ചെയ്യേണ്ടത്.

⭕️ചരുക്കത്തിൽ, നമുക്ക് വേണ്ടത് രോഗപ്രതിരോധ കോശങ്ങൾ കൃത്യമായി പ്രവർത്തിക്കുക എന്നതാണ്. പൊതുവായി അവയുടെ ശക്തി വർദ്ധിപ്പിക്കുക എന്നത് അല്ല നാം ലക്ഷ്യമാക്കേണ്ടത്. അതേസമയം, രോഗപ്രതിരോധശക്തി കുറയുന്ന അവസ്ഥയുണ്ടെങ്കിൽ കൃത്യമായി അതിൻറെ കാരണങ്ങൾ കണ്ടുപിടിച്ച് അത് പരിഹരിക്കുകയാണ് ചെയ്യേണ്ടത്. ഇമ്മ്യൂണിറ്റി ബൂസ്റ്ററുകൾ എന്ന് പറഞ്ഞ് വ്യാപകമായി പരസ്യം ചെയ്യപ്പെടുന്ന മരുന്നുകൾക്ക് ഒരു പ്രസക്തിയുമില്ല.