എന്താണ് ഡ്രഗ് ഷെഡ്യൂളുകൾ

Simple Science Technology

എന്താണ് ഡ്രഗ് ഷെഡ്യൂളുകൾ 

⭕മെഡിക്കൽ ഷോപ്പുകളിൽ നിന്നും നമ്മൾ വാങ്ങുന്ന മിക്കവാറും മരുന്നുകളിലെല്ലാം കാണാറുള്ള ഒരു വാചകമാണ് "Schedule H drug. Warning : To be sold by retail on the prescription of a Registered Medical Practioner only" അഥവാ സമാനമായ വാചകം ഒരു ചതുരപ്പെട്ടിക്കുള്ളിൽ, പ്രിൻറ് ചെയ്തിരിക്കുന്നത് കാണാം. എന്താണിത് അർത്ഥമാക്കുന്നത്? H എന്നല്ലാതെ വേറെയും ഷെഡ്യൂളുകൾ ഉണ്ടോ? അവ ഏതൊക്കെയാണ്? ഒന്നോടിച്ചു പറയാം. 1940-ൽ ബ്രിട്ടീഷ് ഇന്ത്യയിൽ മരുന്നുകളുടെ ഇറക്കുമതി, നിർമ്മാണം, വിതരണം, വിൽപന തുടങ്ങിയ കാര്യങ്ങളോട് ബന്ധപ്പെട്ട് "Drugs and cosmetic Act, 1940" എന്നറിയപ്പെടുന്ന ഒരു ആക്ട് പാസാക്കിയിരുന്നു. 1930-ൽ ഇതിനായി രൂപീകരിക്കപ്പെട്ട ചോപ്ര കമ്മിറ്റിയുടെ നിർദ്ദേശങ്ങൾ ആയിരുന്നു ഇതിന്റെ അടിത്തറ പാകിയത്.

⭕1945-ൽ ഇതിനോട് ബന്ധപ്പെട്ട റൂളുകളും പാസാക്കി. ഇന്ത്യ സ്വതന്ത്രമായതിനു ശേഷം ഈ ആക്ടിനും റുളിനും കാലാകാലങ്ങളിൽ വിവിധ ഭേദഗതികൾ വരുത്തിയിട്ടുണ്ടെങ്കിലും ഇപ്പോഴും ഇതൊക്കെയും അറിയപ്പെടുന്നത് "ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്ട് 1940" എന്നും D & C റൂൾസ് 1945 എന്നും തന്നെയാണ്. ഇന്ത്യയിൽ വിൽക്കപ്പെടുന്ന മരുന്നുകളുടെയും കോസ്മെറ്റിക് ഉൽപന്നങ്ങളുടെയും പ്രയോഗക്ഷമതയും, സുരക്ഷിതത്വവും, ഗുണനിലവാരവും ഉറപ്പുവരുത്തുവാനായാണ് ഈ നിയമങ്ങൾ നിലകൊള്ളുന്നത്. ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് റൂൾസ്, 1945 പ്രകാരമാണ് മരുന്നുകളെയും അവയോടു ബന്ധപ്പെട്ട ചില കാര്യങ്ങളെയും പല ഷെഡ്യൂളുകൾ ആയി തിരിക്കുവാനും, ഓരോ ഷെഡ്യൂളിലുംപെട്ട മരുന്നുകളുടെ സൂക്ഷിപ്പ്, വില്പന ഇവയും അവ പ്രിസ്ക്രൈബ് ചെയ്യേണ്ടതും വിൽപ്പനയ്ക്ക് സൂക്ഷിക്കേണ്ടതും എങ്ങിനെയൊക്കെ എന്നതിനെ സംബന്ധിച്ചുമുള്ള നിയമങ്ങളും നിലവിൽ വന്നത്.

⭕ഇതുപ്രകാരമുള്ള ഷെഡ്യൂളുകൾ A, B, C, D, E, F, G, H, J, K, M, N, O, P, Q, R, S, T, U, V, Y എന്നിങ്ങനെ ഉണ്ടെങ്കിലും മരുന്നുകളെ കാറ്റഗറി തിരിക്കുന്നതുമായി ബന്ധപ്പെട്ട പ്രധാന ഷെഡ്യൂളുകൾ G,H,K,X കൂടാതെ H1 ഇവയാണ്. അതായത് ഒരു മെഡിക്കൽ ഫാർമസിയിൽ കാണാവുന്ന മരുന്നുകൾ മേല്പറഞ്ഞ അഞ്ച് ഷെഡ്യൂളുകളിലോ, ഇവയിലൊന്നും പെടുന്നില്ലെങ്കിൽ OTC എന്ന വിഭാഗത്തിലോ മാത്രം വരുന്നവയാണ്. മറ്റു ഷെഡ്യൂളുകൾ, ഉദാഹരണം B, ഗവൺമെൻറ് ഉടമയിലുള്ള ലാബുകളിലെ പരിശോധന നിരക്കുകളെ സംബന്ധിച്ചത്, മറ്റൊരുദാഹരണം ഷെഡ്യൂൾ J, നിലവിൽ മാർക്കറ്റിൽ ലഭ്യമായ മരുന്നുകൾ ഉപയോഗിച്ച് ചികിത്സിച്ചുമാറ്റാൻ കഴിയില്ലാത്ത രോഗങ്ങളുടെ ലിസ്റ്റ് ആണ് . ഇങ്ങനെ പോകുന്നു ഷെഡ്യൂളുകൾ. H1 പോലെ, ചില ഷെഡ്യൂളുകൾക്ക് സബ് ഷെഡ്യൂളുകളും ഉണ്ട്, ഉദാഹരണം F1, വാക്സിനുകളുമായി ബന്ധപ്പെട്ട നിയമങ്ങളും മറ്റും പറയുന്നു. ഇനി നമുക്ക് ഫാർമസികളിൽ കാണുന്ന മരുന്നുകളിലേക്ക് വരാം.

???? Schedule H മരുന്നുകൾ 

⭕മെഡിക്കൽ ഷോപ്പുകളിൽ ഉള്ളതിൽ മിക്കവാറും മരുന്നുകൾ ഈ വിഭാഗത്തിൽപ്പെടുന്നു.

Rx എന്നതിനൊപ്പം "Schedule H drug. Warning : To be sold by retail on the prescription of a Registered Medical Practioner only" എന്ന് വാണിങ്ങോടുകൂടി കാണപ്പെടുന്നവ. ഇവ വിൽക്കുവാൻ ഡ്രഗ് ലൈസൻസ് എടുത്തിരിക്കണം. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഈ മരുന്നുകൾ വിൽക്കുവാൻ പാടില്ല. കൂടാതെ അതിനുള്ള കുറിപ്പടിയിൽ നിർദ്ദേശിച്ചിരിക്കുന്ന അളവിലും കാലത്തേക്കും മാത്രമേ നൽകുവാൻ പാടുള്ളൂ.

???? Schedule G മരുന്നുകൾ - ഹോർമോണുകളോ, അവയടങ്ങിയ സംയുക്തങ്ങളോ, തയ്യാറിപ്പുകളോ ഈ ഗണത്തിൽ പെടുന്നു. ഇവയിൽ "Caution: It is dangerous to take this preparation except under medical supervision" എന്ന് രേഖപ്പെടുത്തിയിട്ടുണ്ടാകും. അതായത് ഇവ കഴിക്കുന്നതോ ഉപയോഗപ്പെടുത്തുന്നതോ ഒരു ഡോക്ടറുടെ മേൽനോട്ടത്തിലോ നിയന്ത്രണത്തിലോ ആയിരിക്കണം.

???? Schedule H1 മരുന്നുകൾ - ആൻറിബയോട്ടിക് മരുന്നുകളും, നാർക്കോട്ടിക്/സൈക്കോ ട്രോപിക് സബ്സ്റ്റൻസുകളും അത്യാവശ്യമല്ലാതെയും അമിതമായ അളവുകളിലും ഉപയോഗപ്പെടുത്തുന്നതും, ഭയാനകമായ രീതിയിലേക്ക് വളർന്നുകൊണ്ടിരുന്ന AMR (ആൻറി മൈക്രോബിയൽ റെസിസ്റ്റൻസ് അഥവാ ABR - ആന്റി ബാക്ടീരിയൽ റെസിസ്റ്റൻസ്) എന്നിവയും തടയുക എന്ന ലക്ഷ്യത്തോടെ 2013 - ൽ പ്രാബല്യത്തിൽ വരുത്തിയതാണ് ഷെഡ്യൂൾ എച്ച് വൺ (H1) എന്ന പുതിയ ഷെഡ്യൂൾ.

⭕ആൻറിബയോട്ടിക് മരുന്നുകളുടെയും നാർക്കോട്ടിക്/സൈക്കോ ട്രോപിക് സബ്സ്റ്റൻസുകളുടെയും അയുക്തികമായ പ്രിസ്ക്രൈബിങ്ങും, യാതൊരു നിയന്ത്രണവുമില്ലാത്ത ഓവർ ദ കൗണ്ടർ സെയിലും (OTC) നിയന്ത്രിക്കുകയായിരുന്നു മുഖ്യ ലക്ഷ്യം. ഈ കാറ്റഗറിയിൽ മുഖ്യമായും പുതുതലമുറ ആൻറിബയോട്ടിക്കുകളും, ആൻറി ട്യൂബർകുലോസിസ് മെഡിസിനുകളും, ഏതാനും ചില narcotic /psychotropic substance കളുമാണ് മുഖ്യമായും ഉൾപ്പെടുന്നത്. ഈ മരുന്നുകളിൽ ആർഎക്സ് (Rx) എന്നത് ചുവന്ന നിറത്തിലാണ് രേഖപ്പെടുത്തേണ്ടത്. കൂടാതെ അതെ നിറം ബോർഡറുള്ള ഒരു ബോക്സിൽ ഇതിൽ പറയുന്ന ഷെഡ്യൂൾ എച്ച് വൺ വാണിങ്ങും, "Schedule H1 Drug-Warning: - It is dangerous to take this preparation except in accordance with the medical advice. - Not to be sold by retail without the prescription of a Registered Medical Practioner". ഡോക്ടറുടെ നിർദ്ദേശാനുസരണമല്ലാതെ ഈ മരുന്ന് കഴിക്കുന്നത് അപകടകരമാണെന്നും, ഒരു ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഈ മരുന്നുകൾ വിൽക്കുവാൻ പാടില്ലെന്നും സൂചിപ്പിക്കുന്നു. കൂടാതെ ഈ മരുന്നുകൾ വിൽക്കുന്ന ഫാർമസികൾ, അവയുടെ വാങ്ങൽ വിൽപനകൾ രേഖപ്പെടുത്തുന്ന ഒരു രജിസ്റ്ററും കോൺഫിഡൻഷ്യലായി സൂക്ഷിച്ച് വയ്ക്കേണ്ടതാണ്, മൂന്നുവർഷക്കാലം വരെ. അവയിൽ ഈ മരുന്നുകൾ ആരിൽനിന്ന്, എന്ന്, എത്ര അളവ്, ഏതു ബാച്ച് വാങ്ങിയെന്നും ആർക്ക് നൽകി, എന്ന്, എത്ര അളവ്, ഏത് ഡോക്ടറുടെ നിർദേശ പ്രകാരം തുടങ്ങിയവയെല്ലാം രേഖപ്പെടുത്തി വയ്ക്കണം.

⭕ഷെഡ്യൂൾ H അഥവാ H1 (അഥവാ X) കാറ്റഗറിയിൽ വരുന്ന ഒരു മരുന്ന്, NDPS (Narcotic Drugs and Psychotropic Substances ആക്ട് 1985) ആക്ടിന്റെ പരിധിയിൽ വരുന്ന ഒന്നാണെങ്കിൽ അതിൽ എൻ ആർ എക്സ് (NRx) അഥവാ XRx എന്നുകൂടി രേഖപ്പെടുത്തിയിരിക്കും. NRx മുഖ്യമായും anti-anxiety, anti-depression, analgesic, antitussive വിഭാഗം narcotic മരുന്നുകളാണ്. XRx മുഖ്യമായും mental disorders - നുള്ളവയും.

???? Schedule X മരുന്നുകൾ 

⭕ഷെഡ്യൂൾ H, H1 ഇവയ്ക്ക് ബാധകമായ എല്ലാ നിയമങ്ങളും ഷെഡ്യൂൾ X മരുന്നുകൾക്കും ബാധകമാണ്. NDPS act, 1985 - നു കീഴിൽ വരുന്ന ഏതാനും മരുന്നുകൾ മാത്രമാണ് ഈ കാറ്റഗറിയിൽ ഉള്ളത്. ഇവയിൽ XRx എന്നോ NRx എന്നോ രേഖപ്പെടുത്തിയിട്ടുണ്ടാകും. ഇവ വിൽക്കുവാൻ പ്രത്യേകം ലൈസൻസുകൾ ആവശ്യമാണ്. കൂടാതെ ഇവയുടെ പ്രിസ്ക്രിപ്ഷൻ കോപ്പി രണ്ടു വർഷക്കാലം ഇത് വിൽക്കുന്നയാൾ സൂക്ഷിച്ചുവയ്ക്കണം. ഈ മരുന്നുകൾ സൂക്ഷിച്ചു വയ്ക്കേണ്ടത് പ്രത്യേകമായി അടച്ചുപൂട്ടി, Lock & key രീതിയിലായിരിക്കണം.

???? Schedule K മരുന്നുകൾ - ഡോക്ടർമാർ പ്രിസ്ക്രൈബ് ചെയ്യാവുന്നതും എന്നാൽ വിൽക്കുവാൻ ലൈസൻസ് ആവശ്യമില്ലാത്തതുമായ മരുന്നുകൾ. ഫാർമസിസ്റ്റുകൾ ഇല്ലാതെതന്നെ, ഡോക്ടർമാർക്ക് അവരുടെ രോഗികൾക്ക് നേരിട്ട് നൽകാവുന്ന മരുന്നുകൾ എന്നും പറയാം. വിറ്റാമിനുകൾ അടങ്ങിയിട്ടില്ലാത്ത കാൽസിയം തയ്യാറിപ്പുകൾ, antiseptic lotion - നുകൾ, മൌത്ത് വാഷുകൾ, NDPS act പരിധിയിൽ പെടുന്ന മരുന്നുകളോ ആൻറി ഹിസ്റ്റമീനുകളോ അടങ്ങിയിട്ടില്ലാത്ത ചുമ- ജലദോഷ മരുന്നുകൾ ഇവയെല്ലാം ഈ കാറ്റഗറിയിൽ വരും. എന്നാൽ ഇവ OTC എന്ന കാറ്റഗറി അല്ല.

???? OTC മരുന്നുകൾ - Over The Counter, വിൽക്കുവാൻ പ്രത്യേക ലൈസൻസോ, ഡോക്ടറുടെ prescription -നോ ആവശ്യമില്ലാത്ത മരുന്നുകൾ. മറ്റു പല രാജ്യങ്ങൾക്കും OTC മരുന്നുകളുടേതായ ഒരു ലിസ്റ്റ് ഉണ്ടാകാറുണ്ടെങ്കിലും ഇന്ത്യയിൽ ഇതുവരെയും അങ്ങനെ ഒരെണ്ണം നിലവിൽ വന്നിട്ടില്ല. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഒരു നയം ഗവൺമെൻറ് രൂപപ്പെടുത്തിയിട്ടുണ്ട് താമസിയാതെ നിലവിൽ വന്നേക്കും. മെഡിക്കൽ ഷോപ്പുകളിൽ കൂടെ അല്ലാതെയും ഈ മരുന്നുകൾ "യൂണിറ്റ് ഡോസ്" രൂപത്തിൽ വിൽക്കുവാനാണ് ധാരണ. കാത്തിരുന്ന് കാണാം. ഇന്ത്യയിലെ ഡ്രഗ് ഷെഡ്യൂളുകൾ സംബന്ധിച്ച പൊതുവായ കാര്യങ്ങൾ മേൽവിവരിച്ചവയാണെങ്കിലും മരുന്നുകളുടെ കൃത്യമായ ലിസ്റ്റുകൾ ഉണ്ടാകാത്തതും സമയാസമയങ്ങളിൽ അവ പുതുക്കപ്പെടാത്തതുമൊക്കെ ചില പോരായ്മകളാണ്.