മനുഷ്യപൂർവിക ചരിത്രം

Simple Science Technology

മാനുഷരെല്ലാരുമൊന്നുപോലെ – മനുഷ്യപൂർവികരുടെ ചരിത്രം

 ജീവൻ എന്ന അത്ഭുതപ്രതിഭാസം

ലോകത്തിലെ ഏറ്റവും അത്ഭുതകരമായ പ്രതിഭാസങ്ങളിൽ ഒന്നാണ് ജീവൻ എന്നത്. കൂടുതൽ അറിയും തോറും കൂടുതൽ അത്ഭുതപ്പെടുത്തുന്ന ഒരു പ്രതിഭാസം. ജീവന്റെ അടിസ്ഥാനഘടകമായി കരുതപ്പെടുന്ന കോശത്തിന്റെ ഘടന പരിശോധിക്കുമ്പോൾ തന്നെ ഇത് അനുഭവപ്പെടും. ‘കരുതപ്പെടുന്ന’ എന്നു പറഞ്ഞതിന് കാരണമുണ്ട്. രാസപരമായ വീക്ഷണത്തിലൂടെ നോക്കുമ്പോൾ അമിനോ അമ്ലങ്ങൾ, ഡി.എന്‍.എ., പ്രോട്ടീനുകൾ എന്നിവ കൂടുതൽ മൗലികങ്ങളാണ്. പക്ഷെ ഇവയെ ഒന്നും നാം നേരിട്ടു കാണാറില്ല. നേരിട്ടു കാണുന്നത് ജീവികളെയാണ്. വെറും കണ്ണു കൊണ്ടു തന്നെ കാണാവുന്നതും മൈക്രോസ്‌കോപ്പിലൂടെ മാത്രം കാണാവുന്നതുമായ ജീവരൂപങ്ങളുണ്ട്. രോഗകാരികളായ വൈറസ്സുകളും ബാക്ടീരിയകളും മുതൽ അതിഭീമാകാരങ്ങളായ ആനയും തിമിംഗലവും വരെ. ഈ ജീവിവൈവിധ്യവും നമ്മെ അത്ഭുതപ്പെടുത്തുന്നുണ്ട്. എങ്ങനെ ഇവയൊക്കെ

ഉണ്ടായി ? എങ്ങനെ നമ്മൾ, മനുഷ്യർ, ഉണ്ടായി? എന്ന ചോദ്യം മനുഷ്യർ ഉണ്ടായ കാലം മുതല്ക്കേ ചോദിച്ചിട്ടുണ്ട്.

അപ്പോൾ മനുഷ്യർ ഇല്ലാത്ത കാലമുണ്ടായിരുന്നോ? ഉണ്ടായിരുന്നു എന്നു മാത്രമല്ല, അത് വളരെ നീണ്ടതുമായിരുന്നു. നമ്മുടെ ഈ ഭൂമി പരിണമിച്ചുണ്ടായിട്ട് ഏതാണ്ട് 450-460 കോടി കൊല്ലമായി. അതിൽ ആദ്യത്തെ ജീവരൂപങ്ങൾ പ്രത്യക്ഷപ്പെട്ടിട്ട് 350 കോടി കൊല്ലങ്ങളായി. ഏറ്റവും പഴയ പാറകളിൽ കാണുന്ന ഫോസ്സിലുകളിൽ നിന്നാണ് അവയെപ്പറ്റിയുള്ള വിവരങ്ങൾ ലഭിക്കുന്നത്. നമ്മെപ്പോലുള്ള മനുഷ്യജാതി രൂപം കൊണ്ടിട്ട് രണ്ടു ലക്ഷം കൊല്ലമേ ആയിട്ടുള്ളൂ! പണ്ടു ജീവിച്ചിരുന്ന ലക്ഷക്കണക്കിന് ജീവികൾ (ജന്തുക്കളും സസ്യങ്ങളും) ഇന്നില്ല. ഇന്നുപോലും വര്‍ഷം പ്രതി നൂറ്റുക്കണക്കിന് സസ്യ-ജന്തുക്കൾ കുറ്റിയറ്റു പോകുന്നുണ്ട്. ഇത്രയും വലിയ ജീവവൈവിധ്യം എങ്ങനെ ഉണ്ടായി?

ഒരു കാലത്ത് ഉത്തരം കിട്ടാത്ത എല്ലാ ചോദ്യങ്ങള്‍ക്കും ‘ദൈവകൽപിതം’ എന്ന ഉത്തരം നല്‍കി ഫയൽ ക്ലോസ് ചെയ്യുകയായിരുന്നു പതിവ്. എല്ലാ മതങ്ങളിലും ഉല്പകത്തി പുരാണങ്ങൾ ഉണ്ട്. ഹിന്ദുക്കള്‍ക്ക് സൃഷ്ടികര്‍ത്താവായ ബ്രഹ്മാവുണ്ട്. ക്രിസ്ത്യാനികള്‍ക്ക് ആദവും ഹൗവ്വയും ഉണ്ട്. എന്നാൽ ഇങ്ങനെ ക്ലോസ് ചെയ്ത ഫയലുകൾ വീണ്ടും തുറക്കുകയും അന്വേ ഷണം തുടരുകയും ചെയ്തപ്പോൾ പലതിനും കൂടുതൽ തൃപ്തികരങ്ങളായ ഉത്തരങ്ങൾ കിട്ടി. അപ്പോൾ ആ പ്രക്രിയകളിൽ ബോധപൂര്‍വ്വമായി ഇടപെടാൻ നമുക്ക് കഴിയുമെന്ന നിലവന്നു. അങ്ങനെയാണ് കാട്ടുധാന്യങ്ങളിൽ നിന്ന് – ചോളം, ഗോതമ്പ്, നെല്ല്, ബാര്‍ലി…..മുതലായവയിനിന്ന്-ഇന്നു കാണുന്ന, നാം കൃഷി ചെയ്യുന്ന ധാന്യങ്ങൾ വേര്‍തിതരിച്ചെടുത്തത്, വികസിപ്പിച്ചെടുത്തത്. എന്നാൽ കൂടുതൽ ആഴത്തിൽ മനസ്സിലാക്കാൻ കഴിഞ്ഞത് ഏതാണ്ട് നൂറ്റമ്പത് കൊല്ലം മുമ്പാണ്. ഈ അറിവിനുള്ള അടിത്തറ പാകിയത് ജീവപരിണാമത്തെപ്പറ്റിയുള്ള തന്റെ സിദ്ധാന്തത്തിലൂടെ ചാള്‍സ് ഡാര്‍വിന്‍ എന്ന ശാസ്ത്രജ്ഞനായിരുന്നു. അദ്ദേഹം തന്റെ സിദ്ധാന്തം ലോകസമക്ഷം അവതരിപ്പിച്ചതിന്റെ 160-ാം വാര്‍ഷികമാണ് 2019.

ഈ കഴിഞ്ഞ 160 കൊല്ലത്തിനുള്ളിൽ ജീവശാസ്ത്രത്തിൽ അത്ഭുതകരമായ പുരോഗതി ഉണ്ടായിട്ടുണ്ട്. ഇന്ന് ജീവിച്ചിരിപ്പില്ലാത്ത, ഒരു തരം കുരങ്ങിൽ നിന്നാണ് ചിമ്പാന്‍സി, ഗോറില്ല മുതലായ മനുഷ്യ കുരങ്ങുകളും നമ്മെപ്പോലുള്ള മനുഷ്യരും പരിണമിച്ചുണ്ടായത് എന്ന് ഡാര്‍വിന്‍ സിദ്ധാന്തിച്ചപ്പോൾ, അദ്ദേഹത്തിന് നേരിടേണ്ടിവന്ന എതിര്‍പ്പും പരിഹാസവും ചെറുതായിരുന്നില്ല. അന്നു ഇടക്കാല ഘട്ടങ്ങളെക്കുറിച്ച് വളരെ പരിമിതമായ അറിവേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ മനുഷ്യരും വാനരന്മാരും മാത്രമല്ല എല്ലാ ജീവരൂപങ്ങളും ഒരു ആദിമ ജീവരൂപത്തിൽ നിന്ന് പരിണമിച്ചുണ്ടായതാണ് എന്നതിന് ഇന്നു വേണ്ടുവോളം തെളിവുകൾ കിട്ടിയിട്ടുണ്ട്.

ജീവവൈവിധ്യം പോലെ നമ്മെ കുഴക്കിയിരുന്ന മറ്റൊരു പ്രശ്‌നമാണ് മനുഷ്യരുടെ ഇടയിലുള്ള വൈവിധ്യം. മംഗോളിയന്മാർ, ദ്രാവിഡന്മാർ, നീഗ്രോകൾ, ഇന്തോ ആര്യന്മാർ, ആന്‍ഡമാനിസെ ആദിവാസികൾ, ആഫ്രിക്കയിലെ പിഗ്മികൾ. ഇവരെല്ലാം ഒരേ മനുഷ്യവര്‍ഗത്തില്‍ പെട്ടവരാണ് എന്ന് അംഗീകരിക്കാൻ ഭൂരിപക്ഷം പേര്‍ക്കും പ്രയാസമായിരുന്നു. എന്നാൽ ഇവ ഒരൊറ്റ മനുഷ്യജാതിയിൽ (സ്പീഷീസിൽ) പെട്ടവരാണ് എന്ന് നമുക്കറിയാം. മാത്രമല്ല ഈ മനുഷ്യജാതി പരിണമിച്ചുണ്ടായിട്ട് ഏതാണ്ട് രണ്ടുലക്ഷം കൊല്ലങ്ങളേ ആയിട്ടുള്ളൂ എന്നും നമുക്ക് അറിയാം. മനുഷ്യ സദൃശർ (ഹോമിനിഡുകൾ) അതിനു മുമ്പും ഉണ്ടായിട്ടുണ്ട്. നിവന്‍ന്നു നടക്കുന്ന വാനരന്മാരും ഉണ്ടായിട്ടുണ്ട്. എന്നാൽ അക്ഷരോച്ചാരണത്തോടു കൂടിയ ഭാഷയുള്ളവരും ഉപകരണങ്ങൾ ഉണ്ടാക്കുന്നവരുമായ, നമ്മെപ്പോലുള്ള മനുഷ്യർ ഉണ്ടായിട്ട് ഏതാണ്ട് രണ്ടുലക്ഷം കൊല്ലമേ ആയിട്ടുള്ളൂ.