പാൽമിര അടോൾ

Simple Science Technology

പാൽമിര അടോൾ ദ്വീപിലെ തെങ്ങ് വിശേഷം

⭕ ഫിലിപ്പൈൻസിലും ഇന്തോനേഷ്യയിലുമാണ് ലോകത്തിലെ തേങ്ങ ഉൽപ്പാദനത്തിന്റെ 85 ശതമാനവും, ബാക്കി ഇന്ത്യയിലും ശ്രീലങ്കയിലും ആണെന്നു പറയാം. ഒരു കടൽത്തീരസസ്യമാണ് തെങ്ങ്. മാസങ്ങളോളം പരിക്കേൽക്കാതെ കടൽവെള്ളത്തിൽ ഒഴുകിനടന്ന് അനുകൂലമായ സാഹചര്യം വന്നാൽ അവിടെക്കിടന്ന് വളർന്ന് മരമാവാൻ തേങ്ങയ്ക്കുകഴിയും. പസഫിക്കിലെ പല കൊച്ചുദ്വീപുകളിലും നിറയെ തെങ്ങാണ്. അത്തരം ഒരു ദ്വീപുസമൂഹമാണ് പാൽമിര അടോൾ. പവിഴപ്പുറ്റുകളാൽ അതിർത്തിതീർത്ത് മധ്യത്തിലായി ആഴംകുറഞ്ഞ ജലാശയം പോലുള്ള ദ്വീപുകളാണ് അടോൾ. ഇത്തരം ദ്വീപുകൾമിക്കവയും കടൽപ്പക്ഷികളുടെയും ദേശാടനപ്പക്ഷികളുടെയും താവളമാണ്. അവ കടലിൽനിന്നും മൽസ്യങ്ങളെപ്പിടിച്ചു തിന്ന് കാഷ്ഠിക്കുന്ന അവശിഷ്ടങ്ങളാണ് ഇവിടുത്തെ സസ്യജാലങ്ങൾക്ക് സമ്പന്നമായി വളരാനുള്ള അവസ്ഥയൊരുക്കുന്നത്. ഈ സസ്യങ്ങളാണ് ആ പ്രദേശങ്ങളിലെ മറ്റു ജീവികളുടെ ഭക്ഷണവും ഉൽപ്പാദിപ്പിക്കുന്നത്. ഇങ്ങനെയുള്ള നൈട്രജൻ പോഷകചംക്രമണം അവിടെയുള്ള ജീവന്റെ നിലനില്പിന് ഒഴിച്ചുകൂടാനാവാത്തതാണ്. 

⭕ അറുനൂറോളം ഏക്കർ വിസ്താരമുള്ള പാൽമിര ദ്വീപിൽ നിറയെ തെങ്ങുകളാണ്. ഏതാണ്ട് 29000 പ്രായമായ തെങ്ങുകളും ഇരുപതുലക്ഷത്തിലേറെ തൈത്തെങ്ങുകളും. ഇവ മുഴുവൻ തന്നെ നശിപ്പിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. വലിയ മഴുവെടുത്ത് തൈകൾ എല്ലാം വെട്ടിക്കളയുന്നു, വലിയ മരങ്ങളിൽ യന്ത്രമുപയോഗിച്ച് തുളകൾ ഉണ്ടാക്കി കളനാശിനി ഒഴിക്കുന്നു. എന്താണ് ഇതിന് കാരണം?

 ഏതാണ്ട് 1500 വർഷം മുൻപാണ് ഇവിടെ തെങ്ങ് എത്തുന്നത്. തെങ്ങ് ദ്വീപുകൾ മിഴുവൻ വ്യാപിച്ചിരിക്കുന്നു. ഒരു അധിനിവേശസസ്യമായി ഇവിടെ കരുതപ്പെടുന്ന തെങ്ങ് ഇവിടെയെത്തിയതോടെ മറ്റു നാടൻ സസ്യങ്ങളും ജീവികളും പതിയെ അപ്രത്യക്ഷമായിത്തുടങ്ങി. ശിഖരങ്ങൾ ഇല്ലാത്ത തെങ്ങിൽ കൂടുവയ്ക്കാൻ പക്ഷികൾ വരാതായതോടെ മണ്ണിലെ പോഷകമൂല്യവും കുറഞ്ഞു. തെങ്ങ് നിറഞ്ഞതോടെ മണ്ണ് മറ്റൊന്നിനും വളരാൻ പറ്റാത്ത പ്രകൃതമായി, ജൈവവൈവിധ്യം ഇല്ലാതായി. ഉപ്പുവെള്ളത്തിലും നന്നായി വളരാൻ പറ്റുന്ന തെങ്ങുകൾ ദ്വീപിൽ നിറഞ്ഞുവളർന്നതോടെ അതിനടിയിൽ മറ്റെല്ലാ സസ്യങ്ങളും ഒതുങ്ങിപ്പോയി, അവയുടെ മുകളിൽ ഓലയും തേങ്ങയും വീഴ്ത്തി ബാക്കിവന്ന ചെടികളെയും തെങ്ങുകൾ ഒതുക്കിക്കളഞ്ഞു. 

⭕ഇതിനിടയിൽ ദ്വീപുകളിലെത്തിയ എലികൾ, മറ്റുശത്രുക്കളൊന്നുമില്ലാതെ പെറ്റുപെരുകി, നാട്ടുവൃക്ഷങ്ങളുടെ വിത്തുകളും കിളിക്കൂടുകളും ആക്രമിച്ചുവളർന്ന അവ നിലത്തുകൂടുവയ്ക്കുന്ന എട്ടോളം ഇനം പക്ഷികളെ ഇല്ലാതാക്കി. 2002 -ൽ ഇവയെ വിഷം വച്ചുകൊല്ലാൻ‌നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടു, ഇവയ്ക്കുവച്ച വിഷം ദ്വീപിലെ വലിയ ഞണ്ടുകൾ തിന്നുതീർത്തതാണ് കാരണം. ഞണ്ടുകൾക്ക് ഈ വിഷം യാതൊരു പ്രശ്നവും ഉണ്ടാക്കിയതുമില്ല. പിന്നീടാണ് മനസ്സിലായത് തെങ്ങിന്റെ മുകളിലാണ് സുഖമായി ഈ എലികൾ വിഷത്തിൽ നിന്നും രക്ഷപ്പെട്ടു കഴിഞ്ഞിരുന്നതെന്ന്, അങ്ങോട്ട് തെറ്റാലികൾ വഴിയും ഹെലികോപ്റ്ററുകൾവഴിയും എലിവിഷം എത്തിച്ചാണ് ഒടുവിൽ എലികളെ തുരത്തിയത്. എലികൾ ഇല്ലാതായതോടെ പലനാട്ടുസസ്യങ്ങളും തിരികെയെത്തി, മനുഷ്യരുടേതേക്കാൾ ഈ എലികളുടെ ചോരകുടിച്ചുജീവിക്കുന്ന കൊതുകുകളുടെ എണ്ണവും ദ്വീപിൽ തീരെക്കുറഞ്ഞു. എന്നാൽ എലികൾ ഇല്ലാതായത് തെങ്ങുകൾക്ക് സുഖിച്ചു, അവയുടെ പൂക്കുലകളും തളിരോലകളും നശിപ്പിക്കാൻ എലികൾ ഇല്ലാതായതോടെ തഴച്ചുവളർന്ന തെങ്ങുകളിൽ നിന്നും വീഴുന്ന തേങ്ങകളാൽ ദ്വീപ് വീണ്ടും നിറഞ്ഞു. മുളച്ചുവരുന്ന തൈകൾ കൊണ്ട് ദ്വീപിലെ മറ്റെല്ലാ സസ്യങ്ങളും ഇല്ലാതാവാൻ തുടങ്ങി. 

⭕തൈകൾ നശിപ്പിക്കാൻ വന്നവർക്ക് ഏതുനേരവും തലയിൽ തേങ്ങവീണ് അപകടം പറ്റാമെന്ന അവസ്ഥയായി, കൂടാതെ നിലത്തുള്ള എന്തും തിന്നാൻ തയ്യാറായി നിൽക്കുന്ന നാലുകിലോയും ഒരു മീറ്റർ വരെ കാലുകളുടെ അറ്റങ്ങൾ തമ്മിൽ അകലവുമുള്ള ഭീമൻ ഞണ്ടുകളുള്ള അവിടെ ദ്വീപ് നന്നാക്കാൻ തെങ്ങുകൾ വെട്ടിനശിപ്പിക്കുന്ന പണിയും കഠിനമായ ഒരു പ്രവൃത്തിയായി മാറി .വെറുതെ തെങ്ങുകളെ വെട്ടിത്താഴെയിട്ടാൽ അവ ചെന്നുവീണ് മറ്റു ചെടികൾ നശിക്കുമെന്നതിനാൽ വലിയ തെങ്ങുകളെ നിർത്തിത്തന്നെ ഉണക്കിക്കളയാനാണ് ഉദ്ദേശിക്കുന്നത്. രണ്ടുവർഷം കൊണ്ടുതീർക്കാൻ 2019 -ൽ തുടങ്ങിയ പ്രവൃത്തി കോവിഡ് കാരണം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. ലോകത്തെതന്നെ ഏറ്റവും വലിയ തേങ്ങകൾ ഉണ്ടാകുന്നതാണ് ഇവിടെയുള്ള തെങ്ങുകൾ. ഇപ്പോൾ ഉള്ളതിന്റെ കേവലം ഒരു ശതമാനം തെങ്ങുകൾ മാത്രം ബാക്കിനിർത്തി മൊത്തത്തിൽ നശിപ്പിച്ചുകളയാനാണ് പദ്ധതിയിട്ടിരിക്കുന്നത്. പരമാവധി നാട്ടുസസ്യങ്ങളെ തിരികെയെത്തിക്കാനും കടൽപ്പക്ഷികൾക്ക് താവളമൊരുക്കാനും അന്യം നിന്നുപോയ പക്ഷിവർഗ്ഗങ്ങളെ സമീപദ്വീപുകളിൽനിന്നും തിരികെയെത്തിക്കാനും അധിനിവേശസസ്യമായ ഈ തെങ്ങുകളെ ഒരിക്കൽ നശിപ്പിച്ചുകഴിഞ്ഞാൽ സാധിക്കുമെന്ന് ഗവേഷകർ കരുതുന്നു !

 Courtesy:വിജ്ഞാനച്ചെപ്പ്